News

'വരുന്ന 10 വര്‍ഷത്തിനകം റെയില്‍വേയില്‍ 100 ശതമാനം വൈദ്യുതീകരണം നടത്തും'; അന്തരീക്ഷ മലിനീകരണം അടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍

ഡല്‍ഹി: റെയില്‍വേ മേഖലയില്‍ വരുന്ന 10 വര്‍ഷത്തിനകം 100 ശതമാനം വൈദ്യുതീകരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണം അടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ നീക്കമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. അടുത്ത പത്തു വര്‍ഷത്തേക്ക് തനിക്കൊരു ലക്ഷ്യമുണ്ടെന്നും ഊര്‍ജ്ജം പുനരുപയോഗിക്കാന്‍ സാധിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും പിയൂഷ് ഗോയല്‍ അറിയിച്ചു.

രാജ്യത്തെ റെയില്‍വേ 100 ശതമാനം വൈദ്യുതീകരിക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും ഏകദേശം 1,20,000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് പൂര്‍ണമായും വൈദ്യുതീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല ഈ നീക്കത്തോടെ അന്തരീക്ഷത്തില്‍ നിന്നും എത്രത്തോളം കാര്‍ബണ്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യ തലസ്ഥാനത്തേക്ക് വരുന്ന പകുതിയിലേറെ ട്രെയിനുകളും ഡീസലിലാണ് ഓടുന്നതെന്നും ഇവയെല്ലാം ഉടന്‍ തന്നെ വൈദ്യുതീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018-19 കാലയളവില്‍ റെയില്‍വേ 20.44 ബില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്. മാത്രമല്ല 3.1 ബില്യണ്‍ ലിറ്റര്‍ ഹൈ സ്പീഡ് ഡീസലും ഊര്‍ജ്ജ ആവശ്യത്തിനായി വാങ്ങിയിരുന്നു. റെയില്‍വേയും ഈ തീരുമാനം ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്കകും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

News Desk
Author

Related Articles