News

നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ രണ്ടക്കത്തിനടുത്ത് വളര്‍ച്ച നേടുമെന്ന് നിര്‍മലാ സീതാരാമന്‍

മുംബൈ: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ രണ്ടക്കത്തിനടുത്ത് വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. അടുത്ത വര്‍ഷം 7.5 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയില്‍ വളര്‍ച്ചയാണ് പ്രതീക്ഷ. തുടര്‍ന്നുള്ള പത്തുവര്‍ഷക്കാലത്തേക്ക് ഇതു നിലനിര്‍ത്താനാകുമെന്നും കരുതുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ധനമന്ത്രാലയം പ്രത്യേകം കണക്കുകൂട്ടലുകള്‍ നടത്തിയിട്ടില്ല. ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി, വിവിധ റേറ്റിങ് ഏജന്‍സികള്‍ തുടങ്ങിയവയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും ഹാവാഡ് കെന്നഡി സ്‌കൂളില്‍ പ്രൊഫസര്‍ ലോറന്‍സ് സമ്മേഴ്‌സുമായി നടത്തിയ സംഭാഷണത്തില്‍ അവര്‍ പറഞ്ഞു.

ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ ഇരട്ട അക്കത്തിനടുത്ത് വളര്‍ച്ച നേടുമെന്നാണ് പറയുന്നത്. ഈ വര്‍ഷം ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനേടുന്ന രാജ്യമായിരിക്കും ഇന്ത്യയെന്നും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. പത്തുവര്‍ഷത്തേക്കെങ്കിലും ഈ വളര്‍ച്ച നിലനിര്‍ത്താന്‍ രാജ്യത്തിനാകും. പ്രധാന വ്യവസായമേഖലകളില്‍ അത്രയ്ക്ക് വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സേവനമേഖലയും വലിയരീതിയില്‍ മുന്നേറുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു.

ഇന്ത്യ വളരെ വലിയൊരു വിപണിയാണ്. ഇടത്തരക്കാരായ ആളുകള്‍ക്ക് ഏത് ഉത്പന്നവും വാങ്ങാനുള്ള പണവും ശേഷിയും ഇവിടെയുണ്ട്. മറ്റുപ്രദേശങ്ങളില്‍നിന്നുള്ളവരും ഇപ്പോള്‍ നിക്ഷേപവുമായി ഇന്ത്യയില്‍ ഉത്പാദനത്തിനുവരുന്നു. തൊഴില്‍നൈപുണ്യമുള്ള വൈവിധ്യമാര്‍ന്ന ചെറുപ്പക്കാരും ഇന്ത്യയുടെ സമ്പത്താണ്. കാര്‍ഷികമേഖലയിലും രാജ്യം ഏറെ കരുത്തുനേടിയിട്ടുണ്ട്. മധ്യേഷ്യയിലെ രാജ്യങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്താന്‍ ഇന്ത്യക്കു കഴിയുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Author

Related Articles