News

ഡിസംബര്‍ പാദത്തില്‍ 2,969 കോടി രൂപയുടെ അറ്റാദായം നേടി വിപ്രോ

പ്രമുഖ ഐടി കമ്പനിയായ വിപ്രോ ലിമിറ്റഡ് ഡിസംബര്‍ പാദത്തില്‍ 2,969 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ 2,968 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം ഏതാണ്ട് പരന്നതായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ പാദത്തില്‍ വിപ്രോ 2,930 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കമ്പനിയുടെ ബോര്‍ഡ് ഒരു ഇക്വിറ്റി ഷെയറിന് 1 രൂപ എന്ന ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു. അതേസമയം, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ 15,670 കോടി രൂപയില്‍ നിന്ന് 29.6 ശതമാനം ഉയര്‍ന്ന് 20,313 കോടി രൂപയായി.

വരുമാനത്തിലും മാര്‍ജിനുകളിലും തുടര്‍ച്ചയായ അഞ്ചാം പാദത്തില്‍ ശക്തമായ പ്രകടനമാണ് വിപ്രോ കാഴ്ചവെച്ചതെന്ന് വിപ്രോ സിഇഒയും എംഡിയുമായ തിയറി ഡെലാപോര്‍ട്ട് പറഞ്ഞു. നാലാം പാദത്തില്‍, ഐടി സേവന ബിസിനസില്‍ നിന്നുള്ള വരുമാനം 2,692 മില്യണ്‍ മുതല്‍ 2,745 മില്യണ്‍ ഡോളര്‍ വരെയാണ് പ്രതീക്ഷിക്കുന്നതെന്ന് വിപ്രോ പറഞ്ഞു. ബുധനാഴ്ച, എന്‍എസ്ഇയില്‍ വിപ്രോ ഓഹരി 0.45 ശതമാനം ഇടിഞ്ഞ് 691 രൂപയായി.

Author

Related Articles