News

200 മില്യണ്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പുത്തന്‍ നീക്കം; ഹിന്ദി ഇന്റര്‍ഫേസ് ആരംഭിക്കുന്നതോടെ രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും സ്വന്തം ഭാഷയില്‍ ഷോപ്പ് ചെയ്യാം

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലൊന്നായ ഫ്‌ളിപ്പ്കാര്‍ട്ട് പുതിയ ഹിന്ദി ഇന്റര്‍ഫേസ് ഇറക്കാനുള്ള നീക്കത്തിലാണ്. ഇന്ത്യയില്‍ നിന്നും 200 മില്യണ്‍ ഉപഭോക്താക്കളെ നേടിയെടുക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നീക്കത്തിനിടെയാണ് പുത്തന്‍ ചുവടുവെപ്പുമായി ഫ്‌ളിപ്പ്കാര്‍ട്ട് എത്തുന്നത്. രാജ്യത്ത് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആളുകള്‍ ഏറ്റവുമധികം തേടുന്ന ഭാഷ, അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍, തുടങ്ങി ഏതൊക്കെ നഗരങ്ങളിലാണ് ഏറ്റവുമധികം ആളുകള്‍ ഓണ്‍ലൈന്‍ വിപണി സേവനം നടത്തുന്നത് എന്നതടക്കം പഠിച്ചിട്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഹിന്ദി ഇന്റര്‍ഫേസ് ഇറക്കുന്നത്. 

രാജ്യത്തെ 90 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളും തങ്ങളുടെ സ്വദേശീയമായ ഭാഷ ലഭിക്കുന്നുണ്ടോ എന്നാണ് നോക്കുന്നത്. ഇത് ഇവര്‍ക്ക് ഇവരുടെ ആവശ്യങ്ങള്‍ കൃത്യമായി കൈമാറ്റം ചെയ്യുന്നതിനും തീരുമാനമെടുക്കുന്നതിനും സഹായിക്കും. 2021ഓടെ രാജ്യത്ത് ഇംഗ്ലീഷില്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്ന ആളുകളേക്കാള്‍ ഹിന്ദി ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അധികൃതര്‍ പറയുന്നു. 

അടുത്തിടെ വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഫ്‌ളിപ്പ്കാര്‍ട്ട് തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി നടത്തുന്നതിനും അവരുടെ ഇ-കോമേഴ്‌സ് അനുഭവം മികവുറ്റതാക്കുന്നതിനും എന്തൊക്കെ ചുടവുവെപ്പുകള്‍ നടത്തണമെന്ന് കൃത്യമായ പഠനം നടത്തിയിരുന്നു. ഒട്ടേറെ മണിക്കൂറുകള്‍ നീണ്ട ഫീള്‍ഡ് വര്‍ക്ക്, ഉപഭോക്താക്കളുമായി ചര്‍ച്ച, ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന ആളുകളിലുണ്ടാകുന്ന പൊതു സ്വഭാവം എന്നിവ കണക്കിലെടുത്താണ് ഫ്‌ളിപ്പ്കാര്‍ട്ട് പഠനം നടത്തുന്നത്.

വൈകാതെ തന്നെ ഓഡിയോ-വിഷ്വല്‍ നാവിഗേഷന്‍ സംവിധാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഫ്‌ളിപ്പ്കാര്‍ട്ട് ഇറക്കുമെന്നാണ് കരുതുന്നത്.  ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് തുല്യമായ രീതിയില്‍ ഫ്ളിപ്പ്കാര്‍ട്ടിന്റെ വീഡിയോ സര്‍വീസ് ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാണ്. കമ്പനിയുടെ ആപ്ലിക്കേഷനിലാണ് സ്ട്രീമിങ് ലഭ്യമാവുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്ക് വെബ് ബ്രൗസറിലും വീഡിയോ കാണാന്‍ സാധിക്കും.

നിലവില്‍ വീഡിയോ സ്ട്രീമിങ് സൗജന്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. നിലവില്‍ സ്ട്രീം ചെയ്യുന്ന വീഡിയോകളില്‍ പരസ്യങ്ങളില്ല എന്നതാണ് ആകര്‍ഷകമായ കാര്യം. ടെക്ക് രംഗത്ത് തരംഗം സൃഷ്ടിച്ച ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍ എന്നീ വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുടെ സമാനമായ മാതൃകയിലാണ് ഈ വീഡിയോയും പ്രവര്‍ത്തിക്കുന്നത്.

Author

Related Articles