News

ജെറ്റ് എയര്‍വേസ് 13 അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദ് ചെയ്തു

മുംബൈ: ജെറ്റ് എയര്‍യവേസിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം 13 അന്താരാഷ്ട്ര റൂട്ടിലേക്കുള്ള സര്‍വീസുകള്‍ റദ്ദ് ചെയ്തു. ഇതോടെ ജെറ്റ് എയര്‍വേസിനെ ആശ്രയിച്ച യാത്രക്കാര്‍ ദുരിതത്തിലായി. ഏപ്രില്‍ മാസം അവസാനം വരെയാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തിട്ടുള്ളത്. ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലുള്ള ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതിനാലാണ് അന്താരാഷ്ട്ര  സര്‍വീസുകളെല്ലാം റദ്ദ് ചെയ്തത്. ഡല്‍ഹി- മുംബൈ  എന്നിവടങ്ങളിലെ സര്‍വീസുകളാണ് കൂടുതല്‍ റദ്ദ് ചെയ്തിട്ടുള്ളത്.

പുണെ -സിംഗപ്പൂര്‍, പുണെ-അബുദാബി എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദ് ചെയ്തിട്ടുണ്ട്. പൈലറ്റുമാര്‍ ജെറ്റ് എയര്‍വേസില്‍ നിന്ന് രാജിവെച്ച് സ്‌പൈസ് ജെറ്റിലേക്ക് പോയതും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഏപ്രില്‍ ഒന്നിന് മുന്‍പായി ജീവനക്കാരുടെ ശമ്പളം കിട്ടണമെന്നാണ് പ്രധാന ആവശ്യം. ഇല്ലെങ്കില്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും പൈലറ്റുമാര്‍ താക്കീത് ചെയ്തിട്ടുണ്ട്. മുംബൈ- മാഞ്ചസ്റ്റാര്‍ റൂട്ടിലേക്കുള്ള സര്‍വീസുകളെല്ലാം റദ്ദ് ചെയ്തിരിക്കുകയാണ് ജെറ്റ് എര്‍വേസ്. 

അതേസമയം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെങ്കില്‍ നരേഷ് ഗോയാല്‍ ബോര്‍ഡംഗത്തില്‍ നിന്ന് രാജിവെക്കണമെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. മാനേജ്‌മെന്റ് തലത്തില്‍ അഴിച്ചു പണിയില്ലാതെ ജെറ്റിനെ കരകയറ്റാനാകില്ലെന്ന അഭിപ്രായമാണ് ബാങ്കുകള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. നിലവില്‍ ജെറ്റിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുന്നത് ബാങ്കുകള്‍ക്ക് മാത്രമാണ്.

 

Author

Related Articles