News

ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് ശക്തി പകരാന്‍ ലോക ബാങ്കിന്റെ 500 മില്യണ്‍ ഡോളര്‍ വായ്പ

ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ലോക ബാങ്ക് അടുത്തിടെ 500 മില്യണ്‍ ഡോളര്‍ (ഏകദേശം 3,700 കോടി രൂപ) വായ്പയ്ക്ക് അംഗീകാരം നല്‍കി. കേരളം, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവ ഉള്‍പ്പെട്ട ആറ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടീച്ചിംഗ്-ലേണിംഗ് ആന്‍ഡ് റിസള്‍ട്ട് ഫോര്‍ സ്റ്റേറ്റ്സ് പ്രോഗ്രാം (STARS) ശക്തിപ്പെടുത്തുന്നതിനുള്ള വായ്പയ്ക്കാണ് ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ അംഗീകാരം നല്‍കിയത്.

രാജ്യത്തെ 1.5 ദശലക്ഷം സ്‌കൂളിലായി 250 ദശലക്ഷം വിദ്യാര്‍ഥികള്‍ക്കും (6 നും 17 നും ഇടയില്‍ പ്രായമുള്ളവര്‍), 10 ലക്ഷത്തിലധികം അധ്യാപകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ലോകബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. ലോക ബാങ്കിന്റെ പ്രസ്താവന പ്രകാരം, ദേശീയ തലത്തിലുള്ള 'സമഗ്ര ശിക്ഷ' പദ്ധതിയ്ക്കൊപ്പം പഠന വിലയിരുത്തല്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനും സ്‌കൂളില്‍ നിന്ന് ജോലിയിലേക്കുള്ള പരിവര്‍ത്തനം സുഗമമാക്കുന്നതിനും ക്ലാസ് റൂം നിര്‍ദേശങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനും ഭരണവും വികേന്ദ്രീകൃത മാനേജ്മെന്റും ശക്തിപ്പെടുത്തുന്നതിനും STARS സഹായിക്കും.

രാജ്യത്തൊട്ടാകെ അടിസ്ഥാന വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യ ഗണ്യമായ മുന്നേറ്റം നടത്തിയതായി അന്താരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സി അംഗീകരിച്ചു. 'പ്രാദേശിക തലത്തില്‍ പദ്ധതി നടപ്പാക്കുന്നത് ശക്തിപ്പെടുത്തുന്നതിലൂടെയും അധ്യാപക ശേഷയില്‍ നിക്ഷേപിക്കുന്നതിലൂടെയും ഏതെങ്കിലും പശ്ചാത്തലത്തിലുള്ള ഒരു കുട്ടിയും വിദ്യാഭ്യാസത്തിനുള്ള അവകാശത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് ഉറപ്പുവരുത്തും,' തൊഴില്‍ കമ്പോളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും അവരുടെ ഭാവി വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിലും അടിസ്ഥാന പഠന സൗകര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഇന്ത്യയിലെ ലോക ബാങ്ക് ഡയറക്ടര്‍ ജുനൈദ് മുഹമ്മദ് പറഞ്ഞു.

ഇന്ത്യയും ലോക ബാങ്കും തമ്മിലുള്ള STARS പദ്ധതി 1994 മുതല്‍ ദീര്‍ഘകാല പങ്കാളിത്തത്തോടെ ആവിഷ്‌കരിച്ചിരിക്കുന്നു. രാജ്യത്തെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്.

Author

Related Articles