News

ഇന്ത്യയ്ക്ക് ലോകവ്യാപാര സംഘടനയുടെ താക്കീത്; പഞ്ചസാര കയറ്റുമതിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം

ജനീവ: കയറ്റുമതിക്കുള്ള പഞ്ചസാര സബ്‌സിഡിയുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ പാലിക്കാന്‍ ഇന്ത്യ തയാറാവണമെന്ന് ലോകവ്യാപാര സംഘടന. ബ്രസീല്‍, ആസ്‌ട്രേലിയ, ഗ്വാട്ടിമല തുടങ്ങിയ രാജ്യങ്ങള്‍ക്ക് അനുകൂലമായാണ് ലോകവ്യാപാര സംഘടനയുടെ ഉത്തരവ്. സബ്‌സിഡിയുമായി ബന്ധപ്പെട്ട് ആഗോള നിയമങ്ങള്‍ പാലിക്കാന്‍ ഇന്ത്യ തയാറാവണമെന്നും സംഘടന ആവശ്യപ്പെട്ടു.

2019ലാണ് ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയെ വിവിധ രാജ്യങ്ങള്‍ സമീപിച്ചത്. കരിമ്പിനും പഞ്ചസാരക്കും ഇന്ത്യ അമിതമായി കയറ്റുമതി സബ്‌സിഡി നല്‍കുന്നുവെന്നായിരുന്നു ഉയര്‍ന്ന പ്രധാന പരാതി. തുടര്‍ന്ന് ലോകവ്യാപാര സംഘടന വിഷയത്തിലിടപ്പെടുകയും കാര്‍ഷിക സബ്‌സിഡയുമായി ബന്ധപ്പെട്ട് നിലവിലുളള കരാര്‍ കര്‍ശനമായി പാലിക്കാന്‍ ഇന്ത്യയോട് നിര്‍ദേശിക്കുകയുമായിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉല്‍പാദകരാണ് ഇന്ത്യ. ബ്രസീല്‍ കഴിഞ്ഞാല്‍ ഇന്ത്യക്കാണ് പഞ്ചസാര ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനം.

അതേസമയം, ലോകവ്യാപാര സംഘടനയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യ പ്രതികരിച്ചു. എന്നാല്‍, ലോകവ്യാപാര സംഘടനയുടെ അപ്‌ലറ്റ് അതോറിറ്റിയില്‍ ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതിനാല്‍ ഇന്ത്യക്ക് അപ്പീല്‍ നല്‍കാന്‍ സാധിച്ചിട്ടില്ല.

2014-15 മുതല്‍ 2018-19 വരെയുള്ള സീസണുകളില്‍ കരിമ്പ് ഉല്‍പാദകര്‍ക്ക് ഇന്ത്യ അധികമായി കയറ്റുമതി സബ്‌സിഡി നല്‍കിയിരുന്നുവെന്നാണ് ലോകവ്യാപാര സംഘടനയുടെ കണ്ടെത്തല്‍. 10 ശതമാനമെന്ന ലോകവ്യാപാര സംഘടനയുടെ പരിധിയില്‍ കൂടുതല്‍ സബ്‌സിഡി നല്‍കിയെന്നായിരുന്നു കണ്ടെത്തല്‍. അതേസമയം ലോകാവ്യാപാര സംഘടനയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ഇത് നിലവിലുള്ള പഞ്ചസാര നയത്തില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.

Author

Related Articles