News

ജിഎസ്ടി നിരക്കിലെ വര്‍ധന; കോവിഡ് കാലത്ത് സ്മാര്‍ഫോണ്‍ വിപണിയില്‍ പ്രതിസന്ധി; ഉത്പ്പാദനം നിലച്ചതും വില കൂടുന്നതിന് കാരണമായെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: കോവിഡ്-19 ഭീതിയെ തുടര്‍ന്ന് ആഗോളതലത്തില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന മന്ദഗതിയിലാണ. വിവിധ കമ്പനികളുടെ ഉത്പ്പാദനവും നിര്‍ത്തലാക്കി.  എന്നാല്‍ ഉത്പ്പാദനത്തില്‍ വന്‍ ഇടിവ് വന്നതോടെ ഇന്ത്യയില്‍ സ്മാര്‍ട് ഫോണ്‍  ഉത്പ്പന്നങ്ങളുടെ വില പെരുകുന്നതിന് കാരണമായി  കൂടാതെ ജിഎസ്ടി നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്ത് സ്മാര്‍ട്ഫോണുകള്‍ക്ക് വിലകൂടി. ആപ്പിള്‍, സാംസങ്, ഷാവോമി, ഓപ്പോ ഉള്‍പ്പടെ എല്ലാ സ്മാര്‍ട്ഫോണ്‍ ബ്രാന്റുകളും വില്‍പനയിലുണ്ടായിരുന്ന ഫോണുകളുടെ വില വര്‍ധിപ്പിച്ചു. 

ആപ്പിളിന്റ ഐഫോണുകളുടെ വില 5.2 ശതമാനമാണ് വര്‍ധിച്ചത്. 1,01,200 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 11 പ്രോയുടെ വില 1,06,600 ആയി ഉയര്‍ന്നു. 64900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 11 ന്റെ വില 68300 ആയി വര്‍ധിച്ചു, ഐഫോണ്‍ ടെന്‍ ആറിന്റെ വില 49900 ല്‍ നിന്നും 52500 ആയി വര്‍ധിച്ചു.

സാംസങിന്റെ ഗാലക്സി എസ് 20 അള്‍ട്രായ്ക്ക് 4901 രൂപ വര്‍ധിച്ച് 97900 രൂപയാണ് ഇപ്പോള്‍ വില.  ഗാലക്സി നോട്ട് 10 ലൈറ്റ് എട്ട് ജിബി റാം പതിപ്പിന് 43100 രൂപയും ഗാലക്സി എസ്10 ലൈറ്റിന് 42142 രൂപയുമാണ് വില. ഗാലക്സി എം30 വിലയും വര്‍ധിച്ചിട്ടുണ്ട്.

ജിഎസ്ടി നിരക്ക് വര്‍ധനയെ തുടര്‍ന്ന് സ്മാര്‍ട്ഫോണുകള്‍ക്ക് വിലവര്‍ധിപ്പിക്കാതെ തരമില്ലെന്ന് നേരത്തെ തന്നെ ഷാവോമി വ്യക്തമാക്കിയിരുന്നു. ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം സ്മാര്‍ട്ഫോണ്‍ വ്യവസായത്തെ സാരമായി ബാധിക്കുമെന്ന് ഷാവോമി ഇന്ത്യ മേധാവി മനുകുമാര്‍ ജെയ്ന്‍ അഭിപ്രായപ്പെട്ടിരുന്നു.

ജിഎസ്ടി നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നുള്ള രാജ്യ വ്യാപകമായ ലോക്ക് ഡൗണ്‍ സ്മാര്‍ട്ഫോണ്‍ വ്യവസായത്തിന് ഇരട്ടി പ്രഹരമാണുണ്ടാക്കിയത്. നിര്‍മാണ ശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ചരക്ക് നീക്കവും വില്‍പനയും നടക്കുന്നില്ല. എന്തായാലും ലോക്ക് ഡൗണ്‍ കഴിഞ്ഞതിന് ശേഷം കൂടിയ വിലയ്ക്കാവും സ്മാര്‍ട്ഫോണുകള്‍ വില്‍പനയ്ക്കെത്തുക.

Author

Related Articles