News

യെസ് ബാങ്കിന്റെ ലക്ഷ്യം 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപം; ഒരാഴ്ച്ചയ്ക്കുള്ളില്‍ ക്യുഐപി വഴി സമാഹരിച്ചത് 1930 കോടി; ഓഹരിയിലും ഉണര്‍വെന്ന് സൂചന

മുംബൈ: ഓഹരികളില്‍ നേരിയ തോതില്‍ വളര്‍ച്ച നേരിടുന്നതിനൊപ്പം തന്നെ കൂടുതല്‍ ഫണ്ടുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് യെസ് ബാങ്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നാലു സെഷനുകളിലും 29 ശതമാനത്തിലധികം ഇടിവ് നേരിട്ടതിന് പിന്നാലയാണ് ആഗസ്റ്റ് അവസാന വാരമാകുമ്പോഴേയ്ക്കും വിപണിയില്‍ ഉണര്‍വുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കകം ക്വാളിഫൈഡ് ഇന്‍സറ്റിറ്റിയൂഷന്‍സ് പ്ലേസ്‌മെന്റിലൂടെ (ക്യൂഐപി) 1930 കോടി രൂപ സമാഹരിച്ചുവെന്നാണ് യെസ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

ഇക്വിറ്റി നിക്ഷേപമായി 1.2 ബില്യണ്‍ ഡോളര്‍ അധിക നിക്ഷേപം നേടാനുള്ള ശ്രമത്തിലാണ് യെസ് ബാങ്ക്. ക്യുഐപി വഴി 1930 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ യോഗ്യരായ നിക്ഷേപകര്‍ക്ക് ഒരു ഓഹരിയ്ക്ക് 83.55 രൂപ എന്ന കണക്കില്‍ 23.1 കോടിയുടെ ഇക്വിറ്റി നിക്ഷേപത്തിന് അവസരമൊരുക്കിയിരുന്നു. 

യെസ് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായി റവ്നീത് ഗില്‍ ഈ വര്‍ഷം ജനുവരിയിലാണ് ചുമതലയേറ്റത്. ഡ്യൂഷെ ബാങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ തലവനും ബാങ്കിംഗ് മേഖലയില്‍ നിരവധി വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമുള്ള ഗില്ലിന്റെ സാന്നിധ്യം യെസ് ബാങ്കിന് കരുത്താകും. കോര്‍പ്പറേറ്റ് ബാങ്കിംഗ്, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്സ്, വെല്‍ത്ത് മാനേജ്മെന്റ് മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗില്‍ 1991ലാണ് ഡ്യൂഷെ ബാങ്കില്‍ ചേരുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തെ അറ്റലാഭമായ 1077 കോടി രൂപയില്‍ ഇന്ന് ഈ വര്‍ഷം 1002 കോടി രൂപയായി എന്നും ജനുവരിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വരുമാന വളര്‍ച്ച, ലാഭക്ഷമത, മൂലധന വര്‍ധന എന്നിവയില്‍ മികച്ച ബാങ്ക് മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചതെന്ന് ബാങ്കിന്റെ നിലവിലെ തലവനായ റാണ കപൂര്‍ പറഞ്ഞു.

Author

Related Articles