News

എഫ്പിഒ വഴി 15,000 കോടി രൂപ യെസ് ബാങ്ക് സമാഹരിക്കുന്നു

മുംബൈ: ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) വഴി 15,000 കോടി രൂപ സമാഹരിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് വ്യക്തമാക്കി. പുതിയ ഇക്വിറ്റി ഷെയറുകള്‍ ഇഷ്യു ചെയ്യുന്നതിലൂടെ തുക സമാഹരിക്കുന്നതിന് മുന്നോടിയായുളള റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പുറത്തിറക്കിയതായി ബാങ്ക് ഫയലിം?ഗില്‍ വ്യക്തമാക്കി. ഈ ആഴ്ച ആദ്യം, യെസ് ബാങ്കിന് നടപടികളുമായി മുന്നോട്ട് പോകാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ ക്യാപിറ്റല്‍ റൈസിംഗ് കമ്മിറ്റി (സിആര്‍സി) യില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു.

എഫ്പിഒ ജൂലൈ 15 ന് തുറന്ന് ജൂലൈ 17 ന് അവസാനിക്കും. ഇക്വിറ്റി ഷെയറുകള്‍ രണ്ട് രൂപ മുഖവില നിരക്കില്‍ വാഗ്ദാനം ചെയ്യുമെന്നും ഫയലിംഗില്‍ വ്യക്തമാക്കി. രണ്ടായിരം കോടി രൂപയുടെ ഓഹരികള്‍ ബാങ്കിലെ ജീവനക്കാര്‍ക്കായി നീക്കിവയ്ക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1,760 കോടി രൂപ പൊതു ഓഫറിനായി നിക്ഷേപിക്കുമെന്ന് അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ സ്റ്റേറ്റ് ബാങ്ക് ബോര്‍ഡ് 7,250 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നല്‍കിയിരുന്നു. ഈ വര്‍ഷം ആദ്യം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യെസ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. അതിനുശേഷം എസ്ബിഐയും മറ്റ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ ബാങ്കില്‍ ഓഹരി വിഹിതം സ്വന്തമാക്കിയിരുന്നു.

ഇന്ന് ഓഹരി വിപണിയില്‍, എഫ്പിഒ വാര്‍ത്തകള്‍ പുറത്തുവന്നതോടെ യെസ് ബാങ്ക് ഓഹരികള്‍ ഉയര്‍ന്നു. ഉച്ചയ്ക്ക് 1: 15 ന് ബാങ്കിന്റെ ഓഹരികള്‍ 26.40 രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ക്ലോസിംഗ് മാര്‍ക്കിനേക്കാള്‍ ഒരു ശതമാനത്തിലധികമാണ് വര്‍ധന.

Author

Related Articles