News

നിരത്തുകളിലൂടെ ചീറിപ്പാഞ്ഞിരുന്ന യെസ്ഡി മടങ്ങിവരുന്നു

പണ്ട് നിരത്തുകളിലൂടെ ചീറിപ്പാഞ്ഞിരുന്ന യെസ്ഡി മടങ്ങിവരുന്നു. പുതിയ യെസ്ഡി 13ന് ആണ് എത്തുക. രൂപത്തിലും എന്ത് മാറ്റമാണുണ്ടാകുക എന്ന് കണ്ടറിയാം. മഹീന്ദ്ര ഗ്രൂപ്പും അനുപം ഥറേജ, ബോമന്‍ ഇറാനി എന്നീ സംരംഭകരും ചേര്‍ന്നു രൂപം നല്‍കിയ 'ക്ലാസിക് ലെജന്‍ഡ്‌സ്' ആണ് ക്ലാസിക് ബൈക്ക് ബ്രാന്‍ഡ് ആയ 'ജാവ'യ്ക്കു ശേഷം യെസ്ഡിയും വിപണിയിലെത്തിക്കുന്നത്. ചരിത്രപാതയില്‍, ജാവയുടെ പിന്‍ഗാമി ആയിരുന്നു യെസ്ഡി. എന്നാല്‍ രണ്ടാം വരവില്‍ ജാവയും യെസ്ഡിയും ഒരേ സമയം ഒരേ ഷോറൂമില്‍ വില്‍പനയ്ക്കുണ്ടാകും.

ജാവ ഇന്ത്യയില്‍ പുനരവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ യെസ്ഡിയുടെ ആസൂത്രണവും തുടങ്ങിയിരുന്നെന്നും രണ്ടും തമ്മില്‍ കൃത്യമായ വ്യത്യസ്തത അടിസ്ഥാന ഡിസൈന്‍ മുതല്‍ ഉണ്ടെന്നും ക്ലാസിക് ലെജന്‍ഡ്‌സ് സഹസ്ഥാപകനും ഡയറക്ടറുമായ അനുപം ഥറേജ പറഞ്ഞു. ചെക്കൊസ്ലോവാക്യന്‍ മോട്ടര്‍ സൈക്കിള്‍ 'ജാവ' 1961 മുതല്‍ ഇന്ത്യയില്‍ വിറ്റിരുന്ന ഐഡിയല്‍ ജാവ ലിമിറ്റഡ്, 1973ല്‍ ബൈക്കുകളുടെ പേര് യെസ്ഡി എന്നു മാറ്റുകയായിരുന്നു.

വിവിധ എന്‍ജിന്‍ ശേഷികളില്‍ യെസ്ഡി ധാരാളം മോഡലുകള്‍ വിപണിയിലെത്തിച്ചു. ഇരട്ട എക്‌സോസ്റ്റ് പൈപ്പ് പോലെ പല ഡിസൈന്‍ ഘടകങ്ങളും 'റഫ് ആന്‍ഡ് ടഫ്' സ്വഭാവവും യെസ്ഡി ബൈക്കുകളെ യുവാക്കളുടെ ഹരമാക്കി. മൈസൂരുവിലായിരുന്നു ഫാക്ടറി. 250 സിസി റോഡ്കിങ് മോഡല്‍ നിത്യോപയോഗത്തിലും റാലികളിലുമൊക്കെ രാജാവായി വാണു. 1996ല്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ റോഡ്കിങ് ഉല്‍പാദനം നിലച്ചെങ്കിലും ആരാധകര്‍ ഉപയോഗിക്കുന്നുണ്ട്.

Author

Related Articles