News

പിഎഫ് അക്കൗണ്ട്: നികുതി ഈടാക്കുന്നതിന് പ്രത്യേക ക്രമീകരണവുമായി ധനമന്ത്രാലയം

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്ക് പ്രതിവര്‍ഷം 2.50 ലക്ഷം രൂപയില്‍ അധികം തുക അടക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കുന്നതിന് പ്രത്യേക ക്രമീകരണവുമായി ധനമന്ത്രാലയം. ഈ വിഭാഗത്തില്‍ പെടുന്ന ജീവനക്കാരുടെ പിഎഫ് അക്കൗണ്ട് രണ്ടായി വിഭജിച്ചു കൊണ്ട് നികുതി കണക്കാക്കാന്‍ ആദായ നികുതി ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ധനമന്ത്രാലയം വിജ്ഞാപനം ഇറക്കി.

പിഎഫിലേക്ക് അടക്കുന്ന തുകയും പലിശയും നികുതി രഹിതമാണ്. എന്നാല്‍ രണ്ടര ലക്ഷത്തില്‍ കൂടുതലാണ് വിഹിതമെങ്കില്‍ അതിന്റെ പലിശക്ക് നികുതി ഈടാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ് 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നികുതി ഈടാക്കാന്‍ പാകത്തില്‍ അക്കൗണ്ട് വിഭജിക്കുന്ന നടപടി കൊണ്ടുവന്നത്. പ്രതിമാസം ശരാശരി 21,000 രൂപയില്‍ താഴെ മാത്രം പിഎഫിലേക്ക് തൊഴിലാളി, തൊഴിലുടമ വിഹിതമായി അടക്കുന്ന ജീവനക്കാര്‍ക്ക് അക്കൗണ്ട് വിഭജനം ബാധകമല്ല.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും തൊഴിലുടമക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ് അക്കൗണ്ട് വിഭജന രീതി. രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന തുകയും പലിശയും രണ്ടാമത്തെ അക്കൗണ്ടിലേക്ക് മാറ്റി പലിശ നികുതി വിധേയമാക്കുകയാണ് ചെയ്യുന്നത്. നികുതി ഇപിഎഫ്ഒ പിടിച്ച് സര്‍ക്കാറിലേക്ക് നല്‍കും. ഇത് ടിഡിഎസില്‍ കാണിക്കുകയാണോ, ഇപിഎഫ്ഒ നികുതി ഈടാക്കിയ സര്‍ട്ടിഫിക്കറ്റ് ജീവനക്കാരന് നല്‍കുകയാണോ ചെയ്യുന്നതെന്ന് വിജ്ഞാപനം വ്യക്തമാക്കിയിട്ടില്ല.

2021 മാര്‍ച്ച് 31ന് പിഎഫ് അക്കൗണ്ടിലുള്ള വാര്‍ഷിക വിഹിതം രണ്ടര ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അക്കൗണ്ട് വിഭജനം നടത്തും. തുടര്‍ന്ന് ഈ അക്കൗണ്ടിലേക്ക് വരുന്ന തുകക്കും പലിശക്കും ജീവനക്കാര്‍ നികുതി നല്‍കേണ്ടി വരും. രാജ്യത്ത് ആകെ 24.77 കോടി ഇപിഎഫ് അക്കൗണ്ടുകളുണ്ട്. 2020 മാര്‍ച്ച് 31 വരെ ഇതില്‍14.36 കോടി പേര്‍ക്ക് സവിശേഷ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) നല്‍കിയിട്ടുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തെ കണക്കു പ്രകാരം ഇതില്‍ അഞ്ചു കോടിയോളം പേര്‍ വിഹിതം അടച്ചു പോരുന്നുണ്ട്.

Author

Related Articles