News

വന്‍ നിക്ഷേപം സ്വീകരിച്ച് സൊമാറ്റോ; ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റ് 103 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു

ഭക്ഷ്യവിതരണ സാങ്കേതിക സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റില്‍ നിന്ന് 103 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. റെഗുലേറ്ററി ഫയലിംഗ്സാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ സീരീസ്-ജെ ഫൈനാന്‍സിങ്ങിന്റെ ഭാഗമായാണിത്. ടൈഗര്‍ ഗ്ലോബലിന്റെ ഇന്റര്‍നെറ്റ് ഫണ്ട് കഢ പ്രൈവറ്റ് ലിമിറ്റഡിനായി സൊമാറ്റോയുടെ 25,313 ക്ലാസ് ജെ4 മുന്‍ഗണനാ ഓഹരികള്‍ അനുവദിച്ചു. ഓഹരിയൊന്നിന് 3,00,235 രൂപയെന്ന ഇഷ്യൂ വിലയിലാണ് ഇടപാട്.

ഈ ഘട്ടത്തിലെ ധനസഹായത്തോടെ സൊമാറ്റോയുടെ മൂല്യം 3.25 ബില്യണ്‍ ഡോളറില്‍ നിന്ന് 3.40 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മൂല്യനിര്‍ണയത്തില്‍ മേഖലയിലെ എതിരാളിയായ സ്വിഗ്ഗിയുമായുള്ള വ്യത്യാസം ചുരുക്കാനായി എന്നതാണ് സൊമാറ്റോയ്ക്ക് നേട്ടമായത്. 3.60 ബില്യണ്‍ ഡോളറാണ് സ്വിഗ്ഗിയുടെ മൂല്യം. 2020 മാര്‍ച്ച് പാദത്തില്‍ 156 മില്യണ്‍ ഡോളര്‍ സ്വീഡി നാസ്പേഴ്സില്‍ നിന്നും മറ്റുമായി സ്വിഗ്ഗിയ്ക്ക് സ്വരൂപിക്കാന്‍ കഴിഞ്ഞിരുന്നു.

പുതിയ നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളിലാണ് സൊമാറ്റോ. പൊതുവിപണിയില്‍ എത്തുന്നതിനു മുമ്പുള്ള അവസാനഘട്ടമാകാം ഈ ഫണ്ട് സമാഹരണ ശ്രമങ്ങള്‍. അടുത്ത വര്‍ഷം പകുതിയോടെ കമ്പനി പൊതുവിപണി ലക്ഷ്യമാക്കി നീങ്ങുമെന്ന് സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയല്‍ വ്യാഴാഴ്ച ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നതായി ചില ജീവനക്കാര്‍ വ്യക്തമാക്കി.

ഗുരുഗ്രാം ആസ്ഥാനമായുള്ള ഭക്ഷ്യ വിതരണ സാങ്കേതിക സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ, മാക്റിച്ചി ഇന്‍വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 62 മില്യണ്‍ ഡോളര്‍ ക്ലോസ് ചെയ്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ടൈഗര്‍ ഗ്ലോബലില്‍ നിന്നുള്ള നിക്ഷേപമെന്നതും ശ്രദ്ധേയം. സിംഗപ്പൂരിലെ സ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് വിഭാഗമായ തെമാസെക് ഹോള്‍ഡിംഗ്സിന്റെ യൂണിറ്റാണ് മാക്റിച്ചി ഇന്‍വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. മാര്‍ച്ചില്‍ കമ്പനി പസഫിക് ഹൊറൈസണ്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റില്‍ നിന്ന് അഞ്ച് മില്യണ്‍ ഡോളര്‍ സമാഹരിച്ചു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 293 മില്യണ്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പിന്നീട് വരുമാനം 394 മില്യണ്‍ ഡോളറായി ഉയര്‍ന്നതായും ജൂലൈ ആദ്യവാരത്തില്‍ സൊമാറ്റോ വ്യക്തമാക്കിയിരുന്നു. അടുത്ത 2-3 മാസങ്ങള്‍ക്കുള്ളില്‍ വ്യാപാരം കൊവിഡ് പൂര്‍വ നിലയിലേക്ക് തിരിച്ചുവരുമെന്നും തങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ സൊമാറ്റോ വിലയിരുത്തി. നിലവില്‍ തങ്ങളുടെ പ്ലാറ്റ്ഫോമിലെ 70 ശതമാനം റെസ്റ്റോറന്റുകളും ഭക്ഷണം വിതരണം ചെയ്യുന്നതായും സൊമാറ്റോ കൂട്ടിച്ചേര്‍ത്തു.

Author

Related Articles