News

കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി സൊമാറ്റോ; കൊവിഡ് എമര്‍ജന്‍സിക്ക് മുഖ്യ പരിഗണന

ന്യൂഡല്‍ഹി: കൊവിഡ് എമര്‍ജന്‍സികള്‍ക്ക് പ്രഥമ പരിഗണന ഡെലിവറിയുമായി സൊമാറ്റോ. ഏപ്രില്‍ 21 നാണ് കൊവിഡ് എമര്‍ജന്‍സികള്‍ക്ക് പ്രിയോരിറ്റി ഡെലിവറി സംവിധാനം ആരംഭിക്കുന്ന വിവരം സൊമാറ്റോ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരം ഭക്ഷണ പാക്കറ്റുകളില്‍ കൊവിഡ് എമര്‍ജന്‍സി എന്ന് രേഖപ്പെടുത്തുകയും ചെയ്യും. ബുധനാഴ്ച രാത്രിയാണ് സൊമാറ്റോ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. കൊറോണ വൈറസ് ബാധിച്ച് ഒറ്റയ്ക്ക് താമസിക്കുകയും ക്വാറന്റൈനില്‍ കഴിയുകയും ചെയ്യുന്നവര്‍ക്ക് ഏറെ സഹായകമാകുന്നതാണ് സൊമാറ്റോയുടെ പ്രഖ്യാപനം.

റെസ്റ്റോറന്റുകളിലെ അടുക്കളകളിലെ മുന്‍ഗണനാക്രമീകരണത്തിലൂടെയും 'അതിവേഗ റൈഡര്‍ അസൈന്‍മെന്റ്' വഴിയും അത്തരം ഓര്‍ഡറുകള്‍ വേഗത്തിലാക്കുമെന്നും സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. സൊമാറ്റോ ആപ്ലിക്കേഷനില്‍ കൊവിഡ് എമര്‍ജന്‍സിക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കും ഓര്‍ഡറുകള്‍ വിതരണം ചെയ്യുകയെന്നും ആയിരക്കണക്കിന് റസ്റ്റോറന്റുകളുമായി സഹകരിച്ചായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ സൊമാറ്റോ ഉപയോക്താക്കള്‍ക്ക് കൊവിഡ് എമര്‍ജന്‍സി എന്ന് രേഖപ്പെടുത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

ഉപഭോക്താക്കളുടെയും വിതരണം ചെയ്യുന്നവരുടെയും സുരക്ഷ കണക്കിലെടുത്ത് കൊവിഡ് എമര്‍ജന്‍സി ഡെലിവറികളെല്ലാം കോണ്‍ടാക്ട്‌ലെസ് ഡെലിവറികളായിരിക്കുമെന്നും കമ്പനി ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി റസ്റ്റോറന്റുകളാണ് സൊമാറ്റോയുടെ പുതിയ ദൌത്യത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഉപയോക്താക്കളുടെ സഹകരണത്തോടെയും പിന്തുണയോടെയും മുന്നോട്ട് പോകാമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെക്കുന്നു. ഇതോടെ ഓര്‍ഡര്‍ ചെയ്ത് മിനിറ്റുകള്‍ക്കകം ഭക്ഷണം ഉപയോക്താക്കള്‍ക്ക് ലഭിക്കുകയും. ഓര്‍ഡറിനനുസരിച്ച് മുന്‍ഗണനാ അടിസ്ഥാനത്തിലാണ് വിതരണം പൂര്‍ത്തിയാക്കുക. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരങ്ങളെല്ലാം കൊണ്ടുവരുന്നത്.

ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുനല്‍കുന്നതിനായി സൊമാറ്റോയുമായി കൈകോര്‍ക്കാനുള്ള റസ്റ്റോറന്റുകളുടെ തീരുമാനത്തെ കമ്പനിയും അഭിനന്ദിച്ചിട്ടുണ്ട്. ഒരു ആംബുലന്‍സ് പോലെ തന്നെ ഈ സേവനത്തെ കണക്കാക്കണമെന്ന് നേരത്തെ ഉപയോക്താക്കളോട് ആവശ്യപ്പെട്ടെങ്കിലും ദുരുപയോഗം ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ചവര്‍ക്ക് ആവശ്യമുള്ള സേവനം ലഭ്യമാക്കുന്നതിനും സഹായിക്കുന്നതിനുമായി നേരത്തെ ഡന്‍സോയും ഒരു ദൌത്യത്തിന് തുടക്കം കുറിച്ചിരുന്നു. ആവശ്യക്കാരുടെ ആആവശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പങ്കുവെച്ച് അടിയന്തര ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്നു ഡന്‍സോ ചെയ്തത്. മരുന്നുകളടക്കമുള്ള ആവശ്യങ്ങള്‍ക്കൊപ്പം ചികിത്സ, ആശുപത്രിയുടെ ലഭ്യത എന്നിവ സംബന്ധിച്ച വിവരങ്ങളും ഇത്തരത്തില്‍ ഡന്‍സോ ജനങ്ങളിലേക്ക് എത്തിച്ചിരുന്നു.

Author

Related Articles