News

ഓഹരി വിപണിയിലേക്ക് എത്തുന്നതിന് മുമ്പ് 500 മില്യണ്‍ ഡോളര്‍ നിക്ഷേപം കണ്ടെത്തി സൊമാറ്റോ

ഓഹരി വിപണിയില്‍ പേരു ചേര്‍ക്കാനുള്ള പുറപ്പാടിലാണ് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ. എന്നാല്‍ ഓഹരി വില്‍പ്പനയ്ക്ക് ഇറങ്ങും മുന്‍പുതന്നെ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഗുരുഗ്രാം ആസ്ഥാനമായ കമ്പനി കണ്ടെത്തിയിരിക്കുന്നു. ധനസമാഹരണം പൂര്‍ത്തിയായാല്‍ സൊമാറ്റോയുടെ മൊത്തം മൂല്യം 5.5 ബില്യണ്‍ ഡോളറായി ഉയരും. പുതിയ ഫൈനാന്‍സിങ് നടപടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി. ടൈഗര്‍ ഗ്ലോബല്‍, കോറ ഇന്‍വെസ്റ്റ്മെന്റ്സ്, സ്റ്റെഡ്വ്യൂ, ഫിഡെലിറ്റി, ബോ വേവ്, വൈ ക്യാപിറ്റല്‍ എന്നീ നിലവിലെ നിക്ഷേപകര്‍ക്കൊപ്പം പുതിയ നിക്ഷേപകരായ ഡ്രാഗണീയര്‍ ഗ്രൂപ്പും സൊമാറ്റോയുടെ ഫൈനാന്‍സിങ് റൗണ്ടില്‍ പങ്കെടുക്കും.

പ്രാഥമിക ധനസമാഹരണത്തിന്റെ ഭാഗമായി 250 മില്യണ്‍ ഡോളര്‍ ഇപ്പോഴുള്ള നിക്ഷേപകരില്‍ നിന്നായിരിക്കും കമ്പനി കണ്ടെത്തുക. ശേഷം ഇത്രയുംതന്നെ തുക അലിബാബ ഗ്രൂപ്പിന് കീഴിലുള്ള ആന്റ് ഗ്രൂപ്പും സണ്‍ലൈറ്റ് ഫണ്ടും ചേര്‍ന്ന് ഓഹരി വില്‍പ്പനയിലൂടെ സമര്‍പ്പിക്കും. മൂലധനസമാഹരണം പൂര്‍ത്തിയായാല്‍ സൊമാറ്റോയുടെ കൈവശം 1 ബില്യണ്‍ ഡോളര്‍ മിച്ചം പണമുണ്ടാകുമെന്നാണ് സൂചന. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഇറങ്ങും മുന്‍പത്തെ ചിത്രം മാത്രമായിരിക്കും ഇത്. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ പൊതു വിപണിയില്‍ ഓഹരികള്‍ വില്‍ക്കാന്‍ സൊമാറ്റോ നടപടി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 6 മുതല്‍ 8 ബില്യണ്‍ ഡോളര്‍ വരെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ നിന്നും സമാഹരിക്കാന്‍ കമ്പനിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

അടുത്തിടെ 660 ദശലക്ഷം ഡോളര്‍ പുതിയ മൂലധന നിക്ഷേപം ഉയര്‍ത്താന്‍ സൊമാറ്റോയ്ക്ക് സാധിച്ചിരുന്നു. പത്ത് പുതിയ നിക്ഷേപകരാണ് ഏറ്റവുമൊടുവിലത്തെ ധനസമാഹരണ റൗണ്ടില്‍ സൊമാറ്റോയിലേക്ക് കടന്നുവന്നത്. ടൈഗര്‍ ഗ്ലോബല്‍, കോറ, ലക്‌സോര്‍, ഫിഡലിറ്റി (എഫ്എംആര്‍), ഡിവണ്‍ ക്യാപിറ്റല്‍, ബെയ്‌ലി ഗിഫോര്‍ഡ്, മിറെയ്, സ്റ്റെഡ്വ്യൂ എന്നീ കമ്പനികള്‍ക്ക് സൊമോറ്റോയില്‍ ഇപ്പോള്‍ നിക്ഷേപമുണ്ട്. നേരത്തെ, മുന്‍ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഫലവും കമ്പനി പുറത്തുവിട്ടിരുന്നു. 2020 വര്‍ഷം 2,451 കോടി രൂപയുടെ നഷ്ടമാണ് സൊമാറ്റോയ്ക്ക് സംഭവിച്ചത്. ഇതേസമയം 2,486 കോടി രൂപ കമ്പനി വരുമാനം കണ്ടെത്തുകയുണ്ടായി. എതിരാളിയായ യൂബര്‍ ഈറ്റ്സിനെ വാങ്ങിയ പശ്ചാത്തലത്തിലാണ് ഭീമന്‍ നഷ്ടം സഹിക്കാന്‍ സൊമാറ്റോ ബാധ്യസ്തരായത്.

Author

Related Articles