News

നിര്‍ണ്ണായക പ്രഖ്യാപനവുമായി സൊമാറ്റോ; ആപ്പില്‍ പലചരക്ക് ഉല്‍പ്പന്നങ്ങളും ലഭ്യമാക്കും

നിര്‍ണ്ണായക പ്രഖ്യാപനവുമായി ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ. സൊമാറ്റോ ആപ്പില്‍ പലചരക്ക് ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു വിഭാഗം ആരംഭിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഓണ്‍ലൈന്‍ പലചരക്ക് കമ്പനിയായ ഗ്രോഫേഴ്‌സില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപം സ്ഥിരീകരിച്ചുകൊണ്ടാണ് സോഫ്റ്റ്ബാങ്ക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രഖ്യാപനം. നിക്ഷേപത്തെക്കുറിച്ച് ഇതാദ്യമായാണ് സൊമാറ്റോ പരസ്യപ്രഖ്യാപനം നടത്തുന്നത്. ജൂണ്‍ 29 ന് സൊമാറ്റോ-ഗ്രോഫേഴ്‌സ് കരാര്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

സോമാറ്റോ അതിന്റെ ഐപിഒയുടെ വില ബാന്‍ഡ് ഇക്വിറ്റി ഷെയറിന്റെ വില 72-76 രൂപയായി നിശ്ചയിച്ചു. 9,375 കോടി രൂപയുടെ ഓഫര്‍ ജൂലൈ 14 ന് സബ്‌സ്‌ക്രിപ്ഷനായി തുറക്കും. ജൂലൈ 16 നായിരിക്കും ഇത് അവസാനിക്കുക. പബ്ലിക് ഓഫറില്‍ 9,000 കോടി രൂപയുടെ പുതിയ ഇഷ്യുവും നിലവിലുള്ള വില്‍പ്പന ഷെയര്‍ഹോള്‍ഡര്‍ ഇന്‍ഫോ എഡ്ജ് 375 കോടി രൂപയ്ക്ക് വില്‍ക്കുന്നതിനുള്ള ഓഫറും ഉള്‍പ്പെടുന്നുണ്ട്.

കൊവിഡ് വ്യാപനത്തോടെ കൂടുതല്‍ ഉപയോക്താക്കള്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി ഓണ്‍ലൈന്‍ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സൊമാറ്റോ ഗ്രോഫേഴ്‌സുമായുള്ള കരാരില്‍ ഒപ്പുവെച്ചിട്ടുള്ളത്. കൊവിഡ് വ്യാപനം കഴിഞ്ഞ വര്‍ഷം ഭക്ഷണ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെ സൊമാറ്റ് പലചരക്ക് വില്‍പ്പനയിലേക്ക് കടന്നിരുന്നു. എന്നാല്‍ വീണ്ടും ഭക്ഷ്യവിപണി പഴയരീതിയിലേക്ക് ഉയര്‍ന്നുവന്നതോടെ ഇത് നിര്‍ത്തിവെച്ചിരുന്നു.

അതേ സമയം സൊമാറ്റോയുടെ നീക്കം ഈ രംഗത്തെ മത്സരത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് എന്‍ആര്‍എഐ കോമ്പറ്റീഷന്‍ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ പദ്ധതിയില്ലെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. അതേ സമയം സര്‍ക്കാരും സൊമാറ്റോയുടെ ആ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Author

Related Articles