News

ഇനി സൊമാറ്റോ വഴി പലചരക്കു സാധനങ്ങള്‍ വീട്ടില്‍ എത്തില്ല; സേവനം നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: പലചരക്കു സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്ന സേവനം നിര്‍ത്താന്‍ തീരുമാനിച്ച് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. സെപ്റ്റംബര്‍ 17 മുതല്‍ ഈ സേവനം ലഭ്യമാവില്ലെന്ന് കമ്പനി അറിയിച്ചു. ഓര്‍ഡര്‍ അനുസരിച്ച് പലചരക്കുസാധനങ്ങള്‍ എത്തിക്കുന്നതിന് കാലതാമസം നേരിടുന്നത് ഉപഭോക്താക്കള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനമെന്നും കമ്പനി വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭിക്കണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്. ഇതിലൂടെ പാര്‍ട്ണര്‍മാര്‍ക്ക് വലിയ തോതിലുള്ള വളര്‍ച്ച സാധ്യമാക്കാനുള്ള പ്രവര്‍ത്തനമാണ് കമ്പനി നടത്തിവരുന്നത്. എന്നാല്‍ പലചരക്കു സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട മോഡല്‍ മികച്ചതല്ല എന്നാണ് അനുഭവം വ്യക്തമാക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 17മുതല്‍ പൈലറ്റ് അടിസ്ഥാനത്തില്‍ തുടങ്ങിയ സേവനം നിര്‍ത്തുന്നതായി പാര്‍ട്ണര്‍മാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കുന്നു. പലചരക്കു കടകളിലെ സ്റ്റോക്കുകളുടെ അളവ് എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇതുമൂലം ഓര്‍ഡര്‍ അനുസരിച്ച് സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നതായും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

Author

Related Articles