News

സ്വകാര്യതാ ലംഘനം: സൂമിന് 86 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി കോടതി

കാലിഫോര്‍ണിയ: പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമായ സൂമിന് പിഴ ചുമത്തി കോടതി. സ്വകാര്യതാ ലംഘനത്തിന്റെ പേരിലാണ് പിഴ. 2020 മാര്‍ച്ചില്‍ കാലിഫോര്‍ണിയയിലെ സാന്‍ ജോണ്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് കമ്പനി ഒത്തുതീര്‍പ്പിലെത്തിയത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സൂം 86 മില്യണ്‍ ഡോളര്‍ (632 കോടിയോളം രൂപ ) പിഴ നല്‍കണം.

പിഴത്തുക അടയ്ക്കാമെന്ന് സൂം കോടതിയെ അറിയിച്ചു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്ക്, ഗൂഗിള്‍, ലിങ്കിഡ്-ഇന്‍ എന്നിവയ്ക്ക് കൈമാറിയെന്നായിരുന്നു പരാതി. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടും സൂം ബോംബിങ്ങിന് അവസരം ഒരുക്കിയെന്നും കമ്പനിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

സൂം മീറ്റിങ്ങുകള്‍ ഹാക്ക് ചെയ്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നവരെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും അധിഷേപിക്കുകയുമൊക്കെ ചെയ്യുന്നതിനെയാണ് സൂം ബോംബിങ്ങ് എന്ന് വിളിക്കുന്നത്. ജീവനക്കാര്‍ക്ക് സൂം ഡാറ്റ കൈകാര്യം ചെയ്യല്‍, സ്വകാര്യത തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേകം ട്രെയിനിംഗ് നല്‍കണമെന്നും ഒത്തുതീര്‍പ്പില്‍ കോടതിയുടെ നിര്‍ദേശമുണ്ട്. എന്നാല്‍ പിഴ അടയ്ക്കാമെന്ന് സമ്മതിച്ചെങ്കിലും സ്വകാര്യതാലംഘനം സംബന്ധിച്ച ആരോപണങ്ങളെല്ലാം കമ്പനി നിഷേധിച്ചു.

Author

Related Articles