സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പിണറായി വിജയന്‍; ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ ധനസഹായം

May 15, 2021 |
|
News

                  സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പിണറായി വിജയന്‍; ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ ധനസഹായം

തിരുവനന്തപുരം: മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 823.23 കോടി രൂപയാണ് വിതരണം ചെയ്യുക. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും. സ്വന്തം ഫണ്ടില്ലാത്ത ക്ഷേമ നിധി ബോര്‍ഡുകളെ സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കും.സാമൂഹ്യ നീതി വകുപ്പിലേയും വനിതാ-ശിശുവികസന വകുപ്പിലേയും അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലോക്ഡൗണ്‍ കാലത്തെ ശമ്പളം മുടങ്ങാതെ നല്‍കും. കുടുംബശ്രീയുടെ 19,500 എഡിഎസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ 'സഹായ ഹസ്തം വായ്പാ പദ്ധതി'യിലെ ഈ വര്‍ഷത്തെ പലിശ സബ്‌സിഡി 93 കോടി രൂപ മുന്‍കൂറായി നല്‍കും.

കുടുംബശ്രീയുടെ റീസര്‍ജന്റ് കേരള വായ്പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വര്‍ഷത്തെ പലിശ സബ്‌സിഡി 76 കോടി രൂപ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്‍കൂറായി അനുവദിക്കാനും തിരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.കുടുംബശ്രീ നല്‍കിയ വായ്പകളുടെ തിരിച്ചടവിന് 6 മാസത്തെ മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. കുടുംബശ്രീക്ക് സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ വായ്പകള്‍ക്കു കൂടി ഇത് ബാധകമാകും.

വസ്തു നികുതി, ടൂറിസം നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കും.കോവിഡ് ബ്രിഗേഡ് പാക്കേജിന്റെ ഭാഗമായി എന്‍എച്ച്എം സ്റ്റാഫുകള്‍ക്കുള്ള ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി ആരോഗ്യ വകുപ്പ് 77.42 കോടി രൂപ അനുവദിച്ചു. ഡിസംബര്‍ 2020 മുതല്‍ ഏപ്രില്‍ 2021 വരെയുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി 22.68 കോടി രൂപയും 45.32 കോടി രൂപയും അനുവദിച്ചിരുന്നു. അതിന് പുറമേയാണ് ഈ തുക അനുവദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved