വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്; രാജ്യത്തെ 12 ബാങ്കുകളില്‍ നിന്നായി 1200 കോടി രൂപ വെട്ടിച്ചു

November 28, 2020 |
|
News

                  വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്; രാജ്യത്തെ 12 ബാങ്കുകളില്‍ നിന്നായി 1200 കോടി രൂപ വെട്ടിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ 12 ബാങ്കുകളില്‍ നിന്നായി 1200 കോടി രൂപ തട്ടിപ്പ് നടത്തിയ ഡല്‍ഹി ആസ്ഥാനമായുളള കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കമ്പനി ഉടമകള്‍ ഒളിവിലാണെന്നും രാജ്യം വിട്ടെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. ബുധനാഴ്ച കമ്പനി ഉടമകളെ കണ്ടെത്തുന്നതിന് വേണ്ടി സിബിഐ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ആരെയും പിടികൂടാനായില്ലെന്നാണ് വിവരം.

അമിര പ്യുവര്‍ ഫുഡ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി രജിസ്റ്റര്‍ ചെയ്യുന്നു. കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കാനറ ബാങ്കിന്റെ നേതൃത്വത്തിലുളള 12 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഡെബ്റ്റ്സ് റിക്കവറി ട്രിബ്യൂണലിന് 2018ല്‍ പരാതി നല്‍കിയത്. കരണ്‍ എ ചന്ന, ഭാര്യ അനിത ദിയാംഗ്, അപര്‍ണ പുരി, രാജേഷ് അറോറ, ജവഹര്‍ കപൂര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. കാനറ ബാങ്കിന് 197 കോടി, ബാങ്ക് ഓഫ് ബറോഡയ്ക്ക് 180 കോടി, പഞ്ചാബ് നാഷണല്‍ ബാങ്കിന് 260 കോടി, ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 147 കോടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 112 കോടി, യെസ് ബാങ്കിന് 99 കോടി, ഐസിഐസിസി ബാങ്കിന് 75 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 64 കോടി, ഐഡിബിഐ ബാങ്കിന് 47 കോടി, വിജയ് ബാങ്കിന് 22 കോടി എന്നിങ്ങനെയാണ് പണം തിരിച്ച് കിട്ടാനുളളത്.

അമിര പ്യുവര്‍ ഫുഡ് ലിമിറ്റഡ് കമ്പനി 1993ലാണ് സ്ഥാപിക്കപ്പെട്ടത്. ഉയര്‍ന്ന ഗുണനിലവാരമുളള ബസുമതി അടക്കമുളള അരിയും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന കമ്പനിയാണിത്. 2009 മുതലാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും കമ്പനി വായ്പകള്‍ എടുത്ത് തുടങ്ങിയത്. 2015 മുതല്‍ 18 വരെയുളള കാലത്ത് കമ്പനി വിദേശ കറന്‍സി തട്ടിപ്പ് ഇടപാടുകളും നടത്തിയിരുന്നതായും സംശയിക്കുന്നുണ്ട്. ഈ വര്‍ഷമാണ് സിബിഐക്ക് മുന്നില്‍ പരാതി എത്തുന്നത്. കമ്പനി ഡയറക്ടര്‍മാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ലിക്വിഡേറ്ററായി നിയമിക്കപ്പെട്ട ആകാശ് സിംഗാള്‍ വ്യക്തമാക്കുന്നു.

Related Articles

© 2024 Financial Views. All Rights Reserved