കോര്‍പ്പറേറ്റ് രംഗത്തുണ്ടാകുന്ന മൊത്തം ലാഭത്തിന്റെ 70 ശതമാനവും വരുന്നത് 20 കമ്പനികളില്‍ നിന്ന്!

May 18, 2020 |
|
News

                  കോര്‍പ്പറേറ്റ് രംഗത്തുണ്ടാകുന്ന മൊത്തം ലാഭത്തിന്റെ 70 ശതമാനവും വരുന്നത് 20 കമ്പനികളില്‍ നിന്ന്!

ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തുണ്ടാകുന്ന മൊത്തം ലാഭത്തിന്റെ 70 ശതമാനവും വരുന്നത് 20 കമ്പനികളില്‍ നിന്നാണെന്ന് മാര്‍സെല്ലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്സ് പഠനത്തില്‍ കണ്ടെത്തി. മുപ്പത് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് ആദ്യനിരയിലെ 20 കമ്പനികളില്‍ നിന്നുള്ള ആകെ ലാഭം മൊത്ത ലാഭത്തിന്റെ 14 ശതമാനം മാത്രമായിരുന്നു.

അമേരിക്കയിലേതുപോലെ ഇന്ത്യയിലും  ബിസിനസ് രംഗത്ത് വളരെ വലിയ കമ്പനികളുടെ വര്‍ദ്ധിച്ചുവരുന്ന ആധിപത്യമാണ് ദൃശ്യമാകുന്നതെന്ന മാര്‍സെല്ലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്സ് അനലിസ്റ്റുകളായ സൗരഭ് മുഖര്‍ജിയും ഹാര്‍ഷ് ഷായും ചേര്‍ന്നു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.വരുമാനവും ലാഭ ഇന്ത്യയിലെ പല മേഖലകളിലും ഒന്നോ രണ്ടോ കമ്പനികള്‍ 80% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ലാഭം പങ്കിടുകയാണ്. പെയിന്റുകളില്‍ ഏഷ്യന്‍ പെയിന്റ്സ്, ബെര്‍ഗര്‍ പെയിന്റ്സ് എന്നിവ ഉദാഹരണം.

പ്രീമിയം പാചക എണ്ണയുടെ രംഗത്ത് മാരികോ, അദാനി എന്നിവയും  ബിസ്‌കറ്റ് രംഗത്ത് ബ്രിട്ടാനിയ, പാര്‍ലെ എന്നിവയും കുത്തക കയ്യാളുന്നു. ഹെയര്‍ ഓയിലില്‍ മാരികോയും ബജാജ് കോര്‍പ്പറേഷനും ശിശു പാല്‍പ്പൊടി യില്‍ നെസ്ലെയും , സിഗററ്റ്ല്‍ ഐടിസിയും , പശകളിലും വാട്ടര്‍പ്രൂഫിംഗിലും പിഡിലൈറ്റും ഇതേ റോളിലാണ്. ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാന്‍ഡ് എന്നിവ ട്രക്കുകളുടെ വിപണി കയ്യടക്കുമ്പോള്‍  ചെറിയ കാറുകളുമായി മാരുതിയും ഹ്യുണ്ടായും വന്‍ മേധാവിത്വമുറപ്പിച്ചുനിലകൊള്ളുന്നു.

ഇപ്പോള്‍ ഈ പ്രവണത കൂടുതല്‍ വ്യാപിക്കാനാണു  സാധ്യത. അസംഘടിത മേഖലയുടെ  ലാഭ വിഹിതം കുറഞ്ഞുവരികയാണ്. ചെറിയ കമ്പനികള്‍ക്ക് നിയന്ത്രണ ഭാരം കൂടുതലാണ്. കഠിനമായ നിയന്ത്രണ സംവിധാനങ്ങള്‍ വലിയ കമ്പനികളേക്കാള്‍ ചെറിയ കമ്പനികളെ വേദനിപ്പിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ വിശ്വസിക്കുന്നു. പുതുതായി സംയോജിപ്പിച്ച ഒരു ഇന്ത്യന്‍ കമ്പനി കുറഞ്ഞത് ഏഴ് റെഗുലേറ്റര്‍മാര്‍ക്ക് കീഴില്‍ രജിസ്ട്രേഷന്‍ നേടുകയും  18 മുതല്‍  69 വരെ റിട്ടേണുകള്‍ ഫയല്‍ ചെയ്യുകയും വേണം. പരിമിതമായ വിഭവങ്ങളുള്ള ചെറിയവര്‍ക്ക് ഇതിനൊക്കെ താരതമ്യേന കൂടുതല്‍ ചെലവുണ്ടാകുന്നു. റെഗുലേറ്റര്‍മാരെ സ്വാധീനിച്ചുകൊണ്ട് ചെറിയ എതിരാളികളെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇന്ത്യയിലെ വന്‍ കമ്പനികള്‍ പുറത്തെടുക്കുന്നതായും പഠനത്തില്‍ പറയുന്നു.

വന്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു സാങ്കേതികവിദ്യയും തടസ്സമാകാം. മക്കിന്‍സി നടത്തിയ സര്‍വേ പ്രകാരം, ചെറിയ ഇന്ത്യന്‍ കമ്പനികള്‍ വലിയ കമ്പനികളേക്കാള്‍ കൂടുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്ന രീതി സ്വീകരിച്ചു. എന്നിരുന്നാലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ക്കുള്ള വിഭവങ്ങള്‍ അവര്‍ക്കില്ല. വലിയ കമ്പനികള്‍ ചെറിയ കമ്പനികളെ കടത്തിവെട്ടുന്നു  ഇതിലൂടെ.

Related Articles

© 2024 Financial Views. All Rights Reserved