എല്‍പിജി ഗ്യാസ് സബ്സിഡി വിതരണം നിര്‍ത്തിവെച്ചതിലൂടെ കേന്ദ്ര സര്‍ക്കാരിന് ലാഭം 20,000 കോടി രൂപയിലേറെ

September 04, 2021 |
|
News

                  എല്‍പിജി ഗ്യാസ് സബ്സിഡി വിതരണം നിര്‍ത്തിവെച്ചതിലൂടെ കേന്ദ്ര സര്‍ക്കാരിന് ലാഭം 20,000 കോടി രൂപയിലേറെ

രാജ്യത്ത് ഔദ്യോഗിക അറിയിപ്പുകളൊന്നും കൂടാതെ എല്‍പിജി ഗ്യാസ് സബ്സിഡി വിതരണം നിര്‍ത്തിവെച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ 2020 ഡിസംബര്‍ മുതല്‍ ലാഭിച്ചത് 20,000 കോടി രൂപയിലേറെയെന്ന് റിപ്പോര്‍ട്ട്. നേരത്തെ ക്രൂഡ് ഓയ്ല്‍ വില കുറഞ്ഞിരിക്കുന്ന സമയത്താണ് സബ്സിഡി അറിയിപ്പൊന്നും കൂടാതെ നിര്‍ത്തി വെച്ചത്. അതിനു ശേഷം പടിപടിയായി വര്‍ധിച്ച് ഇപ്പോള്‍ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 900 കടന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനു ശേഷം വര്‍ധിച്ചത് 300 രൂപയിലേറെ രൂപ.

2020 മേയ് മാസത്തിനു ശേഷം രാജ്യത്തെ എല്‍ പി ജി ഉപഭോക്താക്കള്‍ക്ക് സബ്സിഡി ലഭിച്ചിട്ടില്ല. ഉപഭോക്താവിന്റെ ബാങ്ക് എക്കൗണ്ടില്‍ നേരിട്ട് സബ്സിഡി തുക നിക്ഷേപിക്കുകയായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞ ഡിസംബര്‍ വരെയും വില വലിയ തോതില്‍ കുടുംബങ്ങളെ ബാധിച്ചിരുന്നില്ല. എന്നാല്‍ എല്‍പിജി വിലയില്‍ വന്‍തോതിലുണ്ടായ വര്‍ധന കുടുംബങ്ങളുടെ നടുവൊടിച്ചിരിക്കുന്ന സ്ഥിതിയാണ്. മാത്രവുമല്ല, സ്ബ്സിഡി ലഭിക്കുന്നുണ്ടെന്ന കാരണത്താല്‍ കണക്ഷന്‍ എടുത്ത താഴെക്കിടയിലുള്ളവര്‍ക്ക് ഇപ്പോള്‍ എല്‍പിജി കണക്ഷന്‍ വലിയ ബാധ്യതയായിരിക്കുകയാണ്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഇക്കാലത്തിനിടയില്‍ തന്നെ 14.1 കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി എല്‍പിഡി കണക്ഷന്‍ നല്‍കിയിട്ടുമുണ്ട്. ഏകദേശം 9000 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

വില കൂടി നില്‍ക്കുന്ന സെപ്തംബറില്‍ ഏകദേശം 250 രൂപയെങ്കിലും ഉപഭോക്താവിന് സബ്സിഡി ലഭിക്കേണ്ടതായിരുന്നു. സിലിണ്ടറിന് സബ്സിഡി കഴിഞ്ഞുള്ള വില 650 രൂപയെന്ന് കണക്കാക്കുമ്പോഴാണിത്. ഓഗസ്റ്റില്‍ 210 രൂപ, ജൂലൈയില്‍ 185 രൂപ എന്നിങ്ങനെയാണ് കണക്കാക്കിയിരുന്ന തുക. ഒരു മാസം രാജ്യത്ത് 14.5 കോടി സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. അതായത് ശരാശരി ഒരു കുടുംബം രണ്ടു മാസത്തേക്ക് ഒരു സിലിണ്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെയും പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കിന്റെയും അടിസ്ഥാനത്തില്‍ പത്തു മാസത്തിനുള്ളില്‍ 20000 കോടി രൂപ സര്‍ക്കാര്‍ ലാഭിച്ചിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

© 2024 Financial Views. All Rights Reserved