ചൈനീസ് ബന്ധമുള്ള 40 ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ബിഐ; പേടിഎമ്മിന് തിരിച്ചടിയോ?

March 29, 2022 |
|
News

                  ചൈനീസ് ബന്ധമുള്ള 40 ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ബിഐ;  പേടിഎമ്മിന് തിരിച്ചടിയോ?

ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ആര്‍ബിഐക്ക് നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങളാണിതിലേറെയുമുള്ളത്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ ലെന്‍ഡിങ് ആപ്പുകളായി പ്രവര്‍ത്തിക്കുന്ന ഇവയിലേറയും വ്യക്തികള്‍ക്കും സൂക്ഷ്മ സംരംഭങ്ങള്‍ക്കും വായ്പ നല്‍കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്.

വായ്പ നല്‍കുന്നതിനോ തുക തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥകളൊന്നും പാലിക്കാത്തവയാണ് ഈ കമ്പനികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ ലെന്‍ഡിങ് ഫിന്‍ടെക് കമ്പനികളാണിവ. ഹോങ്കോങില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളവയുമുണ്ട്.

രണ്ടുകോടി രൂപ മൂലധനമുണ്ടെങ്കില്‍ എന്‍ബിഎഫ്സി (ബാങ്കിതര ധനകാര്യ സ്ഥാപനം) ലൈസന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. വായ്പ നല്‍കാനുള്ള തുക സമാഹരിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയാത്തതിനാല്‍ അവര്‍ ഡിജിറ്റല്‍ ലെന്‍ഡര്‍മാരുമായി ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പിന്നീട് പ്രധാന പ്രവര്‍ത്തനമേഖലയാക്കി അത് മാറ്റുന്നു. ഇന്ത്യന്‍ ബിസിനസുകാരാനായ വിജയ് ശേഖര്‍ ശര്‍മ്മയുടെ പേടിഎമ്മിന് നടപടികള്‍ വെല്ലുവിളിയുയര്‍ത്തുമെന്ന വാദവും ശക്തമാകുകയാണ്.

ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും പട്ടികയിലുണ്ടെന്ന സൂചനയാണ് പേടിഎമ്മിനെ മുള്‍മുനയിലാക്കുന്നത്. ചെറുകിട വ്യാപാരികള്‍ക്കും, ഉപയോക്താക്കള്‍ക്കും ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്നതില്‍ പേടിഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെയാണു നടപടിയെന്നതും ശ്രദ്ധേയം. പേടിഎം ഇടപാടുകളില്‍ ദുരൂഹത ആരോപിച്ച് അടുത്തിടെ ആര്‍ബിഐ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആര്‍ബിഐ നടപടിക്ക് പുറകേ പേടിഎം, ഉപയോക്താക്കളുടെ ഇടപാട് വിവരങ്ങള്‍ ചൈനീസ് പങ്കാളികള്‍ക്ക് കൈമറുന്നവെന്ന ആരോപണം ശക്തമായിരുന്നു.

ചൈനീസ് ബിസിനസ് വമ്പന്‍മാരായ ആന്റ് ഫിനാന്‍ഷ്യല്‍, ആലിബാബ എന്നിവര്‍ക്കാണ് പേടിഎമ്മില്‍ പങ്കാളിത്തമുള്ളത്. ഐപിഒയില്‍ ഓഹരി പാങ്കാളിത്തം കുറച്ചെന്നു വ്യക്തമാക്കുമ്പോഴും കമ്പനികള്‍ തമ്മിലുള്ള അന്തര്‍ധാര ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് വ്യവസായ പ്രമുഖനായ ജാക് മായുടെ സ്ഥാപനങ്ങളും സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ഏറെ പ്രതീക്ഷയോടെ നിക്ഷേപകര്‍ എതിരേറ്റ ഓഹരിയായിരുന്നു പേടിഎം. വിപണികളിലെ സാന്നിധ്യം തന്നെയായിരുന്നു ഇതിനു പ്രധാന കാരണം. എന്നാല്‍ ഐപിഒ മുതല്‍ കമ്പനിക്ക് കാലിടറുകയായിരുന്നു. പ്രതീക്ഷിച്ച പങ്കാളിത്തം ലഭിക്കാതെ വന്നതോടെ ഡിസ്‌കൗണ്ട് റേറ്റിലാണ് ലിസ്റ്റിങ് നടന്നത്. അതിനു ശേഷം 1,955 തൊട്ട ഓഹരികളുടെ പതനം അതിവേഗമായിരുന്നു. നിലവില്‍ 533.20ല്‍ എത്തി നില്‍ക്കുന്ന ഓഹരി വില 521 വരെ താഴ്ന്നിരുന്നു.

Read more topics: # RBI, # ആര്‍ബിഐ, # Paytm,

Related Articles

© 2024 Financial Views. All Rights Reserved