കൊവിഡ് പ്രതിസന്ധിക്കിടയിലും ചരിത്ര നേട്ടം കൊയ്ത് സ്പിന്നിങ് മില്ലുകള്‍

December 09, 2020 |
|
News

                  കൊവിഡ് പ്രതിസന്ധിക്കിടയിലും ചരിത്ര നേട്ടം കൊയ്ത് സ്പിന്നിങ് മില്ലുകള്‍

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും ചരിത്ര നേട്ടം കൊയ്ത് സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകള്‍. കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ (കെ.എസ്.ടി.സി.) കീഴിലുള്ള രണ്ട് മില്ലുകളും നാല് സഹകരണ സ്പിന്നിങ് മില്ലുകളും നവംബര്‍ മാസം പ്രവര്‍ത്തന ലാഭം കൈവരിച്ചതായി വ്യവസായി മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു.

കെ.എസ്.ടി.സി.യുടെ കീഴിലുള്ള മലബാര്‍ സ്പിന്നിങ് ആന്റ് വീവിങ് മില്‍ 8.5 ലക്ഷം രൂപയുടെയും ചെങ്ങന്നൂര്‍ പ്രഭുറാം മില്‍സ് 2.1ലക്ഷം രൂപയുടെയും പ്രവര്‍ത്തന ലാഭമാണ് കൈവരിച്ചത്. ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ വിലകുറഞ്ഞ് ലഭിച്ചതും ലോക്ക്ഡൗണിന് ശേഷം സമയബന്ധിതമായി മില്ലുകള്‍ തുറന്നു പ്രവര്‍ത്തിക്കാനായതുമാണ് നേട്ടത്തിന് സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു.

കെത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി നൂല്‍ നല്‍കുന്നത് ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിച്ചു. 22 ലക്ഷം കിലോ നൂലാണ് പദ്ധതിക്കായി ഉല്‍പ്പാദിപ്പിച്ചത്. ഒക്ടോബറില്‍ പ്രവര്‍ത്തന ലാഭം നേടിയ മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ നവംബറില്‍ ലാഭത്തിലായി. നവംബറില്‍ 26.72ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭവും 4.65 ലക്ഷം രൂപയുടെ അറ്റാദായവും മില്‍ സ്വന്തമാക്കി. ആധുനികവല്‍ക്കരണം പൂര്‍ത്തിയാക്കിയ ആലപ്പുഴ സ്പിന്നിങ് മില്‍ സ്വന്തമാക്കിയത് 19.81 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭമാണ്. 1999ല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങിയതിന് ശേഷം മില്‍ കൈവരിക്കുന്ന ഏറ്റവും വലിയ പ്രവര്‍ത്തന ലാഭമാണിത്.

പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍ 8.45 ലക്ഷം രൂപയുടെയും മാല്‍ക്കോടെക്‌സ് 2.07 ലക്ഷം രൂപയുടെയും പ്രവര്‍ത്തന ലാഭം നേടിയിട്ടുണ്ട്. മഹാരാഷ്ട്രാ വിപണിയാണ് പ്രിയദര്‍ശിനി മില്ലിന്റെ പ്രധാന ആശ്രയം. 90 ശതമാനം പ്രവര്‍ത്തനക്ഷമത കൈവരിക്കാന്‍ മില്ലിനായി. ശ്രീലങ്കയിലേക്കുള്ള കയറ്റുമതിയും നവീകരമത്തിലൂടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിച്ചതും വിപണിയില്‍ നല്ല വില ലഭിച്ചതും മാല്‍കോടെക്സിന് ഗുണമായി. കൊവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലെ ഈ വലിയ നേട്ടം സര്‍ക്കാരിന്റെയും അധികൃതരുടെയും ഇച്ഛാശക്തിയുടെയും ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍മന്ത്രി വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved