22,842 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; എബിജി ഷിപ്പ്യാര്‍ഡിനെതിരെ അന്വേഷണവുമായി സിബിഐ

February 12, 2022 |
|
News

                  22,842 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; എബിജി ഷിപ്പ്യാര്‍ഡിനെതിരെ അന്വേഷണവുമായി സിബിഐ

എബിജി ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ എബിജി ഷിപ്പ്യാര്‍ഡിനെതിരെ 22,842 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കേസെടുത്തതായി റിപ്പോര്‍ട്ട്. സിബിഐ രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണിതെന്ന് ഏജന്‍സികളെ ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2012-17 കാലയളവില്‍ പണം സമ്പാദിച്ചതും ദുരുപയോഗം ചെയ്തതുമാണ് കേസ്.

അന്നത്തെ സിഎംഡിയായിരുന്ന ഋഷി അഗര്‍വാളിനെതിരെയും കമ്പനിക്കെതിരെയും കേസെടുത്തിരുന്നു. അഗര്‍വാളിനെ കൂടാതെ അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തസ്വാമി, ഡയറക്ടര്‍മാരായ അശ്വിനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നെവേഷ്യ, മറ്റൊരു കമ്പനിയായ എബിജി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെയും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2012-17 കാലയളവില്‍ കേസിലെ പ്രതികള്‍ ഒത്തുചേര്‍ന്ന് ഫണ്ട് വഴിതിരിച്ചുവിടല്‍, ദുരുപയോഗം, ക്രിമിനല്‍ വിശ്വാസവഞ്ചന എന്നിവയില്‍ ഏര്‍പ്പെട്ടതായി ഫോറന്‍സിക് അന്വേഷണത്തില്‍ തെളിഞ്ഞു. 28 ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥാപനങ്ങള്‍ നല്‍കിയ ഫണ്ട് അവര്‍ നല്‍കിയതല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി സിബിഐയുടെ എഫ്‌ഐആര്‍ പറയുന്നു.

തട്ടിപ്പിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരാതി നല്‍കി. ബാങ്കിന് 2,925 കോടി രൂപ നല്‍കാനുണ്ടെന്ന് പറയുന്നു. ഐസിഐസിഐ ബാങ്ക് (7,089 കോടി രൂപ), ഐഡിബിഐ ബാങ്ക് (3,634 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (1,614 കോടി രൂപ), പിഎന്‍ബി (1,244 കോടി രൂപ), ഐഒബി (1,228 കോടി രൂപ) എന്നിവയാണ് മറ്റ് ബാങ്കുകള്‍. എബിജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കപ്പല്‍ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പേരുകേട്ടതാണ്. ഗുജറാത്തിലെ സൂറത്തിലും ദഹേജിലും ഇതിന് യാര്‍ഡുകളുണ്ട്.

Read more topics: # ABG Shipyard,

Related Articles

© 2024 Financial Views. All Rights Reserved