ഇന്ത്യയിലെ 40 കോടി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും; രാജ്യം നീങ്ങുന്നത് കടുത്ത ദാരിദ്ര്യത്തിലേക്കെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന; രാജ്യത്തെ 90 ശതമാനവും ജോലി ചെയ്യുന്ന അസംഘടിത മേഖല കടുത്ത പ്രതിസന്ധിയിൽ; കൊറോണ സൃഷ്ടിച്ചത് മാരക ആഘാതം

April 09, 2020 |
|
News

                  ഇന്ത്യയിലെ 40 കോടി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും; രാജ്യം നീങ്ങുന്നത് കടുത്ത ദാരിദ്ര്യത്തിലേക്കെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന; രാജ്യത്തെ 90 ശതമാനവും ജോലി ചെയ്യുന്ന അസംഘടിത മേഖല കടുത്ത പ്രതിസന്ധിയിൽ; കൊറോണ സൃഷ്ടിച്ചത് മാരക ആഘാതം

ന്യൂഡൽഹി: കൊറോണ വൈറസ് ലോകം മുഴുവൻ പടരുമ്പോൾ അത് പ്രതിസന്ധിയിലാക്കുന്നത് ജനങ്ങളുടെ നിലനിൽപ്പിനെ തന്നെയാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം ഇപ്പോൾ കടന്നു പോകുന്നത്. ഇതിന്റെ തിരിച്ചടികൾ ഇന്ത്യയിലും താമസിയാതെ വലിയ തോതിൽ തന്നെ പ്രകടമാകും. ഇന്ത്യയിൽ 40 കോടി തൊഴിലാളികൾ കടുത്ത ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ.എൽ.ഒ.) റിപ്പോർട്ട്.

ലോക്ക്ഡൗണും ബാധിച്ചു

രാജ്യം കടുത്ത ദാരിദ്രത്തിലേക്കും തൊഴിലില്ലായ്മയിലേക്കും ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ 90 ശതമാനവും ജോലിചെയ്യുന്ന അസംഘടിത മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇതാണ് ജനങ്ങൾക്ക് തിരിച്ചടിയാവുക. കോവിഡിനെ അതിജീവിച്ചാലും തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്രവും ആയിരിക്കും ഇന്ത്യയിലെ ജനങ്ങളെ കാത്തിരിക്കുക എന്ന് ചുരുക്കും.അടച്ചിടലിനെത്തുടർന്ന് തൊഴിലില്ലായ്മ മൂന്നിരട്ടിയായതായി 'സെന്റർ ഫോർ മോണിറ്ററിങ് ദ ഇന്ത്യൻ ഇക്കോണമി'യുടെ കണക്കുകളും ചൂണ്ടിക്കാട്ടുന്നു.

യു.എന്നിനു കീഴിലുള്ള ഐ.എൽ.ഒ.യുടെ റിപ്പോർട്ട് അനുസരിച്ച് ആഗോളതലത്തിൽ 19.5 കോടി മുഴുവൻസമയ ജോലികൾ ഇല്ലാതാവും. ജൂലായ് മുതലുള്ള രണ്ടാംപാദത്തിൽ ആഗോളതലത്തിൽ 6.7 ശതമാനം ജോലിസമയം ഇല്ലാതാകും. അതായത്, 19.5 കോടി മുഴുവൻസമയ ജോലികൾ ഇല്ലാതാവും. ഇന്ത്യയിൽ 22 ശതമാനം പേർ മാത്രമാണ് സ്ഥിരം ശമ്പളമുള്ള ജോലികൾ ചെയ്യുന്നത്. ബാക്കി 78 ശതമാനവും അസ്ഥിര വരുമാനക്കാരാണ്. മാത്രവുമല്ല, രാജ്യത്തെ 76 ശതമാനംപേരും എപ്പോൾ വേണമെങ്കിൽ നഷ്ടപ്പെടാവുന്ന തൊഴിലുകൾ ചെയ്യുന്നവരാണെന്നും ഐ.എൽ.ഒ.യുടെ റിപ്പോർട്ടിൽ പറയുന്നു.

ഒരു രാജ്യം പരാജയപ്പെട്ടാൽ അത് ലോകത്തെ മുഴുവൻ ബാധിക്കും

വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ബാധിക്കുമെന്നതിനാൽ ഒന്നിച്ചുള്ള, അതിവേഗത്തിലുള്ള നടപടികൾ വേണ്ടിവരുമെന്ന് ഐ.എൽ.ഒ. ഡയറക്ടർ ജനറൽ ഗൈ റൈഡർ പറഞ്ഞു. ഒരു രാജ്യം പരാജയപ്പെട്ടാൽ അത് എല്ലാവരുടെയും പരാജയമാകും. ഇന്ത്യ, നൈജീരിയ, ബ്രസീൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികളെ പ്രതിസന്ധി ബാധിക്കാൻ പോകുന്നത്.

“ഒരു മഹാദുരന്തത്തെയാണ് തൊഴിലാളികളും വ്യവസായങ്ങളും നേരിടുന്നത്”- ഐഎൽഒ ഡയരക്ടർ ജനറൽ ഗെെ റിഡർ പറയുന്നു.”നമ്മൾ വേഗത്തിൽ പോവേണ്ടതുണ്ട്, കൃത്യമായ തീരുമാനത്തോട് കൂടി ഒരുമിച്ചും. ശരിയായ, അടിയന്തിരമായ, നടപടികൾക്ക് തകർച്ചയുടെയും അതിജീവനത്തിന്റെയും ഇടയിൽ മാറ്റമുണ്ടാക്കാനായേക്കാം. “- അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സഹകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടമാണിതെന്നും ഇവിടെ ഒരു രാജ്യം പരാജയപ്പെട്ടാൽ അത് ലോകത്തെ മുഴുവൻ ബാധിക്കുമെന്നും ഐഎൽഒ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു.

ആഗോളതലത്തിൽ അഞ്ചിൽ നാലുപേരുടെയും (81 ശതമാനം) തൊഴിൽസ്ഥലങ്ങൾ പൂർണമായോ ഭാഗികമായോ അടച്ചിട്ടിരിക്കുകയാണ്. ലോകത്ത് 200 കോടിയാളുകൾ അസംഘടിത (അനൗപചാരിക) മേഖലയിലാണു തൊഴിലെടുക്കുന്നത്. ഇവരാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. അറബ് മേഖലയിൽ 8.1 ശതമാനവും (50 ലക്ഷം തൊഴിലുകൾ) യൂറോപ്പിൽ 7.8 ശതമാനവും (1.2 കോടി) ഏഷ്യ-പസഫിക് മേഖലയിൽ 7.2 ശതമാനവും (12.5 കോടി) ജോലികൾ ഇല്ലാതാവും.

ഏതൊക്കെ മേഖലകളെ ബാധിക്കും

ഭക്ഷണവും താമസസൗകര്യവുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഉൽപാദനം, ചില്ലറ വ്യാപാരം, വ്യവസായം എന്നീ മേഖലകളെയും ഭരണപരമായ പ്രവർത്തനങ്ങളേയുമായിരിക്കും സാമ്പത്തിക പ്രതിസന്ധി കൂടുതലായി ബാധിക്കുക. 2020ൽ തൊഴിലില്ലായ്മാ നിരക്കിലുണ്ടായ വർധനവിന്റെ സ്വാധീനം വരും കാലങ്ങളിലും തുടരുമെന്നും അത് നയപരമായ നടപടികളെയും ബാധിക്കുമെന്നും ഐഎൽഒ വ്യക്തമാക്കി. അതേസമയം തൊഴിലില്ലായ്മ മൂന്നുമടങ്ങു വർധിച്ചതായി 'സെന്റർ ഫോർ മോണിറ്ററിങ് ദ ഇന്ത്യൻ ഇക്കോണമി'യുടെ കണക്കുകൾ പറയുന്നു. മാർച്ച് 29-ന് അവസാനിച്ച ആഴ്ചയിൽ നഗരമേഖലകളിൽ തൊഴിലില്ലായ്മ 30 ശതമാനമാണു കൂടിയത്. മാർച്ച് 22-ന് അവസാനിച്ച ആഴ്ച തൊഴിലില്ലായ്മ 8.7 ശതമാനം മാത്രമായിരുന്നു.

എല്ലാ വരുമാന പരിധിലുള്ളവർക്കും വലിയ നഷ്ടം സംഭവിക്കും.10 കോടിയോളം മുഴുവൻ സമയ ജീവനക്കാർ തൊഴിലെടുക്കുന്ന, മധ്യ ഉപരി വരുമാന പരിധിയിലുള്ള രാജ്യങ്ങളെയാവും സാമ്പത്തിക പ്രത്യാഘാതങ്ങൾ കാര്യമായി ബാധിക്കുക. 2008ലെ സാമ്പത്തിക പ്രതിസന്ധി കാലത്തേതിനേക്കാൾ വലുതായിരിക്കും ഈ നഷ്ടങ്ങളെന്നാണ് കണക്കാക്കുന്നതെന്നും യുഎൻ ഏജൻസിയുടെ റിപോർട്ടിൽ പറയുന്നു.

പരിഹാര നിർദേശങ്ങൾ

ബൃഹത്തായതും ഏകീകൃതവുമായ നയപരമായ തീരുമാനങ്ങളിലൂടെയാണ് വരാനിരിക്കുന്ന പ്രതിസന്ധി കെെകാര്യം ചെയ്യേണ്ടതെന്ന് ഐഎൽഒ അഭിപ്രായപ്പെടുന്നു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതും തൊഴിലവസരങ്ങളെ മെച്ചപ്പെടുത്തുന്നതുമായ നടപടികൾ സ്വീകരിക്കണം. വ്യവസായ രംഗത്തിന് പിന്തുണ നൽകുന്നതും തൊഴിലിടങ്ങളിൽ ജീവനക്കാരെ സംരക്ഷിക്കുന്നതുമാവണം നടപടികൾ. സർക്കാരുകൾ, തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവർക്കിടയിൽ നിന്നുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും ഐഎൽഒ നിർദേശിക്കുന്നു.

Related Articles

© 2024 Financial Views. All Rights Reserved