ഓഹരി വില കുതിച്ചുയര്‍ന്നു; ഒരു ട്രില്യണ്‍ ക്ലബില്‍ കയറി അദാനി പവര്‍

April 25, 2022 |
|
News

                  ഓഹരി വില കുതിച്ചുയര്‍ന്നു; ഒരു ട്രില്യണ്‍ ക്ലബില്‍ കയറി അദാനി പവര്‍

ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 270.80 രൂപയിലെത്തിയതോടെ ഒരു ട്രില്യണ്‍ ക്ലബില്‍ കയറി അദാനി പവര്‍. ഒരു ട്രില്യണ്‍ (ലക്ഷം കോടി) വിപണി മൂലധനം നേടുന്ന ആറാമത്തെ അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി പവര്‍ ലിമിറ്റഡ്. ഇന്ന് 5 ശതമാനം അഥവാ 13 രൂപയാണ് ഈ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നത്. ഒരു മാസത്തിനിടെ 89 ശതമാനം ഉയര്‍ന്ന അദാനി പവര്‍ ഒരു വര്‍ഷത്തിനിടെ 168 ശതമാനത്തിന്റെ വളര്‍ച്ചയാണ് വിപണിയില്‍ നേടിയത്.

നേരത്തെ, അദാനി ഗ്രൂപ്പിലെ അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ് & സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നിവ ഒരു ട്രില്യണ്‍ ക്ലബിലെത്തിയിരുന്നു. ഊര്‍ജ്ജ ഉല്‍പ്പാദന കമ്പനികള്‍ 2021-22 നാലാം പാദത്തില്‍ ശക്തമായ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തേക്കുമെന്ന പ്രതീക്ഷയില്‍ വര്‍ഷത്തിന്റെ തുടക്കം മുതല്‍ പവര്‍ സ്റ്റോക്കുകള്‍ ഉയര്‍ന്നു. കൂടാതെ, മാര്‍ച്ച് പകുതി മുതല്‍ രാജ്യത്തുടനീളം താപനില കുതിച്ചുയര്‍ന്നതിനാല്‍ വൈദ്യുതി ആവശ്യകതയിലും വര്‍ധനവുണ്ടായി. ഇതും കമ്പനിയെ മുന്നേറ്റത്തിലേക്ക് നയിച്ചു.

രാജസ്ഥാനിലെ സര്‍ക്കാര്‍ നടത്തുന്ന ഡിസ്‌കോമില്‍ നിന്ന് മൊത്തം 3,000 കോടി രൂപ പലിശ സഹിതം അദാനി പവറിന് അടുത്തിടെ കുടിശ്ശിക ലഭിച്ചിരുന്നു. കഴിഞ്ഞദിവസം ഓഹരി വില കുതിച്ചുയര്‍ന്നതോടെ രാജ്യത്തെ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മൂല്യമുള്ള 50 കമ്പനികളുടെ പട്ടികയില്‍ അദാനി പവര്‍ ഇടം നേടിയിരുന്നു. അദാനി പവര്‍, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത ഉല്‍പ്പാദകനാണ്.

ഗുജറാത്തിലെ 40 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ആറ് പവര്‍ പ്ലാന്റുകളിലായി 12,410 മെഗാവാട്ട് താപവൈദ്യുത ശേഷി കമ്പനിക്കുണ്ട്. അദാനി പവര്‍ 2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 218.49 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് രേഖപ്പെടുത്തിയത്. കമ്പനിക്ക് 288.74 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ മൊത്തം വരുമാനം 5,593.58 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,099.20 കോടി രൂപയായിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved