എയര്‍ ഇന്ത്യ യുഎസിലേക്കുള്ള സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

January 21, 2022 |
|
News

                  എയര്‍ ഇന്ത്യ യുഎസിലേക്കുള്ള സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഇന്ന് മുതല്‍ എയര്‍ ഇന്ത്യ യുഎസിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. യുഎസിലെ 5ജി സേവനവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകള്‍ കാരണം എയര്‍ ഇന്ത്യയും ലോകമെമ്പാടുമുള്ള യുഎസിലേക്ക് പോകുന്ന മറ്റ് എയര്‍ലൈനുകളും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കിയിരുന്നു.

5ജി കമ്മ്യൂണിക്കേഷന്‍സ് വിന്യസിക്കുന്നതിനാല്‍ യുഎസിലേക്കുള്ള വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചിരുന്നു. വടക്കേ അമേരിക്കയില്‍ 5 ജി ഇന്റര്‍നെറ്റ് വിന്യസിക്കുന്നത് വിമാനത്തിന്റെ റേഡിയോ ആള്‍ട്ടിമീറ്ററുകളെ തടസ്സപ്പെടുത്തുന്നതിനാല്‍ ഇന്ത്യ-യുഎസ് റൂട്ടുകളിലെ എട്ട് വിമാനങ്ങള്‍ എയര്‍ ഇന്ത്യ ബുധനാഴ്ച റദ്ദാക്കിയിരുന്നു.

എന്നാല്‍ ബി 777 ഉള്‍പ്പെടെയുള്ള ചില തരം വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള റേഡിയോ ആള്‍ട്ടിമീറ്ററുകളെ 5 ജി സേവനങ്ങള്‍ ബാധിക്കില്ലെന്ന് യുഎസ് ഏവിയേഷന്‍ റെഗുലേറ്റര്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) പറഞ്ഞു. തുടര്‍ന്ന്, ബി 777 വിമാനത്തില്‍ യുഎസിലേക്ക് സര്‍വീസ് നടത്താന്‍ ബോയിംഗ് കാരിയറിനു അനുമതി നല്‍കിയതായി എയര്‍ ഇന്ത്യ വക്താവ് പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തല്‍ഫലമായി, എയര്‍ ഇന്ത്യ വ്യാഴാഴ്ച ആറ് ഇന്ത്യ-യുഎസ് വിമാനങ്ങള്‍ പുനരാരംഭിച്ചു.

വെള്ളിയാഴ്ച മുതല്‍ യുഎസിലേക്കുള്ള എല്ലാ വിമാനങ്ങളും സാധാരണ നിലയിലാകുമെന്നും എയര്‍ലൈന്‍ അറിയിച്ചു.ഡല്‍ഹി-ന്യൂയോര്‍ക്ക്, ന്യൂയോര്‍ക്ക്-ഡല്‍ഹി, ഡല്‍ഹി-ഷിക്കാഗോ, ചിക്കാഗോ-ഡല്‍ഹി, ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ, സാന്‍ഫ്രാന്‍സിസ്‌കോ-ഡല്‍ഹി എന്നിവയാണ് വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിച്ച എയര്‍ ഇന്ത്യ വിമാനങ്ങള്‍. ഈ ആറ് വിമാനങ്ങള്‍ക്കൊപ്പം മുംബൈ-നെവാര്‍ക്ക്, നെവാര്‍ക്ക്-മുംബൈ എന്നീ രണ്ട് വിമാനങ്ങളും എയര്‍ ഇന്ത്യ ബുധനാഴ്ച റദ്ദാക്കി.

Related Articles

© 2024 Financial Views. All Rights Reserved