എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ 50,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ജീവനക്കാര്‍

May 30, 2020 |
|
News

                  എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ 50,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ജീവനക്കാര്‍

എയര്‍ ഇന്ത്യ കമ്പനിയെ തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടുത്താന്‍  50,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ജീവനക്കാരുടെ കൂട്ടായ്മ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യാ ഓഹരി വില്‍പ്പന തികഞ്ഞ അനിശ്ചിതത്വത്തിലാകുകയും കൊറോണ വൈറസ് മൂലം ലോകമെമ്പാടും വ്യോമയാന മേഖല നിശ്ചലമാകുകയും ചെയ്തതിനാല്‍ കമ്പനിയുടെ നിലനില്‍പ്പിന് ഇതാവശ്യമാണെന്ന് ജീവനക്കാരുടെ സംയുക്ത ഫോറം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും ശക്തവും മികച്ചതുമായ എയര്‍ലൈന്‍ ആയി എയര്‍ ഇന്ത്യ വീണ്ടും ഉയര്‍ന്നുവരുന്നുവെന്ന് ഉറപ്പാക്കാന്‍ ഏറെ ദൂരം പോകേണ്ടതുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.മാര്‍ച്ച് 24 മുതലുള്ള ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ച വ്യവസായങ്ങളിലൊന്നായതിനാല്‍ ഇന്ത്യയുടെ വ്യോമയാന മേഖല കനത്ത ദുരിതത്തിലാണ്. അതേസമയം, സാധാരണ യാത്രക്കാര്‍ക്കു നല്കിവന്ന സേവനം തടസ്സപ്പെട്ടെങ്കിലും പലിയടത്തായി  കുടുങ്ങിയവരെ രക്ഷപ്പെടുത്തല്‍, ചരക്ക് സേവനങ്ങള്‍ തുടങ്ങിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വുഹാനിലേക്കുള്‍പ്പെടെ സര്‍ക്കാര്‍ വിമാനക്കമ്പനികളെ വിന്യസിച്ചിരുന്നുവെന്ന് എയര്‍ലൈന്‍ ഫോറം പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിനു മുമ്പ്, എയര്‍ ഇന്ത്യയിലെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം വിഫലമായി. ജനുവരിയില്‍ എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് (ഇഒഐ) തേടിയിരുന്നത് കൊറോണ എത്തിയതോടെ ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണ്.

ലോക്ഡൗണിനുശേഷം വിമാനക്കമ്പനികള്‍ വന്‍ കടബാധ്യത നേരിടേണ്ടിവരുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ആഗോള വിമാനക്കമ്പനികളുടെ മൊത്ത നഷ്ടം 550 ബില്യണ്‍ ഡോളറാകുമെന്ന് അയാട്ട പറയുന്നു. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ രക്ഷയ്ക്ക് പാക്കേജ് വേണമെന്ന ആവശ്യം ഉയരുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved