ടെലികോം സേവനം കൂടുതല്‍ ഡിജിറ്റലാകുന്നു; മൊബൈല്‍ കണക്ഷന്‍ നടപടികള്‍ക്ക് ഇനി കടലാസ് അപേക്ഷകള്‍ വേണ്ട

September 17, 2021 |
|
News

                  ടെലികോം സേവനം കൂടുതല്‍ ഡിജിറ്റലാകുന്നു;  മൊബൈല്‍ കണക്ഷന്‍ നടപടികള്‍ക്ക് ഇനി കടലാസ് അപേക്ഷകള്‍ വേണ്ട

ന്യൂഡല്‍ഹി:  ടെലികോം സേവനം കൂടുതല്‍ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കടലാസ് അപേക്ഷകള്‍ ഒഴിവാക്കി മൊബൈല്‍ കണക്ഷന്‍ നടപടികള്‍ പൂര്‍ണമായി ഡിജിറ്റലാക്കും. പ്രീപെയ്ഡ് കണക്ഷന്‍ പോസ്റ്റ്പെയ്ഡ് ആക്കുമ്പോഴും തിരിച്ചും ഇനി ഒന്നിലധികം കെവൈസിയുടെ ആവശ്യമില്ല. എല്ലാ കൈവൈസി സേവനവും ഓണ്‍ലൈനാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ടെലികോം മേഖലയില്‍ 9 ഘടനാപരമായ മാറ്റങ്ങളാണ് വരുത്താന്‍ പോകുന്നതെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ അഞ്ച് പരിഷ്‌കരണങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. മേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്തുപകരുന്നതാണ് പരിഷ്‌കാര നിര്‍ദേശങ്ങളെന്നും മന്ത്രി പറഞ്ഞു. ടെലികോം മേഖലയില്‍ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കും. സ്വമേധയായുള്ള നിക്ഷേപങ്ങള്‍ക്കാണ് അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസ പാക്കേജ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ടെലികോം കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ട ദീര്‍ഘനാളയുള്ള കുടിശ്ശികയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് അടക്കമാണ് ആശ്വാസ പാക്കേജ്. യൂസേജ്, ലൈസന്‍സ് ഫീസ് അടക്കമുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ ഇനത്തില്‍ നല്‍കേണ്ട കുടിശ്ശികയ്ക്ക് നാലുവര്‍ഷത്തെ മൊറട്ടോറിയമാണ് അനുവദിച്ചത്. അടുത്തവര്‍ഷം ഏപ്രിലില്‍ അടയ്‌ക്കേണ്ട സെപക്ട്രം ഇന്‍സ്റ്റാള്‍മെന്റിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. വൊഡഫോണ്‍- ഐഡിഎ, എയര്‍ടെല്‍ എന്നി കമ്പനികള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനം ചെയ്യുക.വൊഡഫോണ്‍- ഐഡിയ കമ്പനിയാണ് ഏറ്റവും കൂടുതല്‍ കുടിശ്ശിക വരുത്തിയത്.

വാഹനനിര്‍മ്മാണ മേഖലയില്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോത്സാഹനപദ്ധതിക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് 26,000 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. പുതിയ പദ്ധതി വഴി 7.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

Related Articles

© 2024 Financial Views. All Rights Reserved