ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ വാങ്ങാന്‍ തയാറായി ആമസോണ്‍; ഓഹരികള്‍ രണ്ട് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നത്

June 04, 2020 |
|
News

                  ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ വാങ്ങാന്‍ തയാറായി ആമസോണ്‍; ഓഹരികള്‍ രണ്ട് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നത്

മുംബൈ: ഇന്ത്യന്‍ മൊബൈല്‍ ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്ലിന്റെ രണ്ട് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരി വാങ്ങാന്‍ ആമസോണ്‍ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായുളള പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത കാലത്തായി യുഎസ് ടെക് ഭീമന്മാര്‍ക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ താല്‍പര്യം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആസൂത്രിതമായ നിക്ഷേപം പൂര്‍ത്തിയായാല്‍, ഭാരതി എയര്‍ടെല്ലിന്റെ നിലവിലെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കി ഏകദേശം 5 ശതമാനം ഓഹരി ആമസോണിന് സ്വന്തമാകുമെന്നാണ് കണക്കാക്കുന്നത്. 300 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് ഭാരതി എയര്‍ടെല്‍.

ഭാരതി എയര്‍ടെല്ലിന്റെ ടെലികോം എതിരാളി ജിയോയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ വിഭാഗത്തില്‍ ആഗോള കമ്പനികള്‍ വലിയ നിക്ഷേപം നടത്താന്‍ തയ്യാറായി നില്‍ക്കുന്ന സമയത്താണ് ആമസോണും എയര്‍ടെല്ലും തമ്മിലുള്ള ചര്‍ച്ചകളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഫെയ്സ്ബുക്ക്, കെകെആര്‍, എന്നിവയില്‍ നിന്ന് റിലയന്‍സിന്റെ ഡിജിറ്റല്‍ യൂണിറ്റ് 10 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു.

Related Articles

© 2024 Financial Views. All Rights Reserved