ചൈനയ്ക്ക് പുറത്തുള്ള എല്ലാ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകളും അടച്ചിടാന്‍ തീരുമാനം; കൊറോണ വൈറസ് പടരുന്നത് തടയാനുള്ള നീക്കം; മാര്‍ച്ച് 27 വരെ അടച്ചിടും; ഫെബ്രുവരി 1 മുതല്‍ അടച്ചിട്ട ചൈനയിലെ സ്റ്റോറുകള്‍ തുറന്നു

March 14, 2020 |
|
News

                  ചൈനയ്ക്ക് പുറത്തുള്ള എല്ലാ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകളും അടച്ചിടാന്‍ തീരുമാനം; കൊറോണ വൈറസ് പടരുന്നത് തടയാനുള്ള നീക്കം; മാര്‍ച്ച് 27 വരെ അടച്ചിടും; ഫെബ്രുവരി 1 മുതല്‍ അടച്ചിട്ട ചൈനയിലെ സ്റ്റോറുകള്‍ തുറന്നു

ബെയ്ജിങ്: കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയുടെ അടിസ്ഥാനത്തില്‍ ചൈന ഒഴികെ മറ്റ് എല്ലാ രാജ്യങ്ങളിലുമുള്ള ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം പുറത്ത് വന്നു. കൊറോണ വൈറസ് പടരുന്നത് മന്ദഗതിയിലാക്കാനാണ് ആപ്പിള്‍ ചൈനയ്ക്ക് പുറത്തുള്ള എല്ലാ സ്റ്റോറുകളും മാര്‍ച്ച് 27 വരെ അടക്കുന്നതെന്ന് സിഇഒ ടിം കുക്ക് പറഞ്ഞു.

ചൈനയില്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ വീണ്ടും തുറന്നതിന് പിന്നാലെ ചൈനയില്‍ സ്വീകരിച്ച നടപടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടതായി ടെക് ഭീമന്‍ പറഞ്ഞു. വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ആളുകളുടെ സാന്ദ്രത കുറയ്ക്കുക, സാമൂഹിക അകലം വര്‍ദ്ധിപ്പിക്കുക എന്നിവയാണെന്നും കുക്ക് വെള്ളിയാഴ്ച വൈകിട്ട് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

മറ്റ് സ്ഥലങ്ങളിലേക്കും പുതുതായി അണുബാധ വ്യാപിക്കുന്നതിന്റെ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞങ്ങളുടെ ടീം അംഗങ്ങളെയും ഉപഭോക്താക്കളെയും പരിരക്ഷിക്കുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുന്നു. ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ തുറന്നിരിക്കുമെങ്കിലും ചൈനയ്ക്ക് പുറത്തുള്ള ഓഫീസ് ജീവനക്കാര്‍ സാധ്യമെങ്കില്‍ വിദൂരമായി പ്രവര്‍ത്തിക്കുമെന്നും കുക്ക് കൂട്ടിച്ചേര്‍ത്തു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനിക്ക് ലോകത്തെ 24 രാജ്യങ്ങളിലായി 500 ഓളം സ്റ്റോറുകളുണ്ട്. അടച്ചിടുന്നെങ്കിലും മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയുന്ന തൊഴിലാളികള്‍ക്ക് സാധാരണപോലെ ശമ്പളം തുടരുമെന്ന് കുക്ക് പറഞ്ഞു. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തെ സഹായിക്കാന്‍ ആപ്പിള്‍ 15 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ട്.

പകര്‍ച്ചവ്യാധി അതിവേഗം വ്യാപിച്ചതിനാല്‍ ഫെബ്രുവരി 1 മുതല്‍ അടച്ചിട്ട ചൈനയിലെ ആപ്പിളിന്റെ 42 സ്റ്റോറുകളും ഈയടുത്ത് വീണ്ടും തുറന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടകള്‍ ക്രമേണ ബിസിനസ്സിലേക്ക് മടങ്ങുകയാണ്. ചൈന പതുക്കെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയാണ്. ചൈനയിലെ ഏതാണ്ട് എല്ലാ ഫാക്ടറികളും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും കടകള്‍ അടച്ചുപൂട്ടാനും നിര്‍ബന്ധിതരായിരുന്നു.

കോവിഡ്-19 ന്റെ ആഗോള വ്യാപനം നമ്മില്‍ ഓരോരുത്തരെയും ബാധിക്കുന്നതാണ്. പകര്‍ച്ചവ്യാധിയോട് പോരാടുന്ന ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഗവേഷകര്‍, പൊതുജനാരോഗ്യ വിദഗ്ധര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരോട് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസ്താവന അവസാനിപ്പിച്ചു.

Related Articles

© 2024 Financial Views. All Rights Reserved