ചൈന-യുഎസ് ശീതയുദ്ധം മുറുകുന്നു; ചൈനീസ് കമ്പനികളെ തുരത്തി അമേരിക്ക; സര്‍വ്വകലാശാലകളില്‍ നിന്നും ചൈനീസ് വിദ്യാര്‍ത്ഥികളും പുറത്ത്; ഈ യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കും?

May 22, 2020 |
|
News

                  ചൈന-യുഎസ് ശീതയുദ്ധം മുറുകുന്നു; ചൈനീസ്  കമ്പനികളെ തുരത്തി അമേരിക്ക; സര്‍വ്വകലാശാലകളില്‍ നിന്നും ചൈനീസ് വിദ്യാര്‍ത്ഥികളും പുറത്ത്; ഈ യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കും?

വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ചൈനീസ് കമ്പനികള്‍ ലിസ്റ്റുചെയ്യുന്നത് മുതല്‍ അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ നിന്നുള്ള ചൈനീസ് വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നത് വരെ, ഓരോ ദിവസം കഴിയുന്തോറും അമേരിക്ക ക്രമേണ ചൈനയെ ഒഴിവാക്കുകയാണ്. ബീജിംഗ്-അമേരിക്ക ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളല്‍ വീണുകൊണ്ടിരിക്കുകയാണ്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് പരസ്പരമുള്ള കുറ്റാരോപണങ്ങളില്‍ നിന്നും തുടങ്ങിയതാണിത്. നിലവില്‍ ഇത് യുഎസില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വരെ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന സ്ഥിതിയാണ്.

ചൈനീസ് കമ്പനികളായ അലിബാബ, ബൈഡു എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ വിദേശ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലല്ലെന്ന് സാക്ഷ്യപ്പെടുത്തേണ്ട ആവശ്യകത നിലവില്‍ വന്നു. അതിന് സാധിച്ചില്ലെങ്കില്‍ യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിലക്കാവുന്ന നിയമനിര്‍മ്മാണത്തിന് യുഎസ് സെനറ്റ് ബുധനാഴ്ച അംഗീകാരം നല്‍കി. എന്‍വൈഎസ്ഇ, നാസ്ഡാക്ക് എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം നടത്തുന്ന കമ്പനികള്‍ യുഎസ് അക്കൗണ്ടിംഗ് നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് വാഷിംഗ്ടണ്‍ സൂചിപ്പിച്ചു. ചൈനീസ് കമ്പനികള്‍ക്ക് തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്ക് ഓഡിറ്റ് ചെയ്യേണ്ടിവരുമെന്നും നിയമനിര്‍മ്മാതാക്കള്‍ പറഞ്ഞു.

ചാരപ്പണി, മോഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ചൈനീസ് വിദ്യാര്‍ത്ഥികളെയും പണ്ഡിതന്മാരെയും യുഎസ് സ്റ്റെം (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് തടയുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. യുഎസ് വിദ്യാര്‍ത്ഥികളെ തിരിച്ചയക്കാന്‍ തുടങ്ങിയാല്‍, 400,000 വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാന്‍ സൗകര്യമൊരുക്കുന്നതായി ചൈന സൂചിപ്പിച്ചു.

യുഎസും ചൈനയും നയതന്ത്രപരമായ ഈ അധിനിവേശത്തെ ഇല്ലാതാക്കുമ്പോള്‍, ഇന്ത്യയ്ക്ക് നാശനഷ്ടമുണ്ടാകുമെന്ന ആശങ്കയുണ്ട്. പ്രത്യേകിച്ചും കച്ചവടത്തിന്റെയും ജന മുന്നേറ്റത്തിന്റെയും കാര്യത്തില്‍. അതേസമയം പകര്‍ച്ചാവ്യാധി സൃഷ്ടിച്ച ഉത്കണ്ഠയ്ക്കും അനിശ്ചിതത്വത്തിനുമിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുഎസില്‍ സ്വാഗതം ചെയ്യുന്നുവെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പറഞ്ഞു. 

ബിരുദധാരികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ പെയ്ഡ് ഇന്റേണുകളായി ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (ഒപിടി) പ്രോഗ്രാം അവസാനിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഈ സമയത്ത് യുഎസിന് അത് താങ്ങാനാവില്ലെന്ന് അവര്‍ വാദിക്കുന്നു. ഇത് ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ ജനങ്ങളെ മോശമായി ബാധിക്കുന്നതാണ്.

പ്രസിഡന്റ് ട്രംപ് ഉടന്‍ തന്നെ ഈ വിഷയത്തില്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അദ്ദേഹം ഒപിടി പ്രോഗ്രാം അവസാനിപ്പിക്കുകയാണെങ്കില്‍, വിദേശ വിദ്യാര്‍ത്ഥികള്‍ ബിരുദം നേടിയയുടനെ ഇന്റേണ്‍ഷിപ്പുകളിലൂടെ യുഎസില്‍ താമസം നീട്ടുന്നതും ജോലികള്‍ക്കായി ശ്രമിക്കുന്നതും നടക്കാതെ വരും.

യുഎസ്-ചൈന ശീതയുദ്ധത്തില്‍ ടെക്‌നോളജിയടക്കമുള്ള മേഖലകളില്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്നാണ് കണക്കുകൂട്ടലുകള്‍. ടെക്‌നോളജി ഭീമന്മാരായ ചൈനയുടെ പല സാങ്കേതിക വിദ്യകളുടേയും അടിസ്ഥാനം അമേരിക്കയുടെ ഉല്‍പ്പന്നങ്ങളാണ്. ഈ യുദ്ധം നിലനിന്നാല്‍ ഇന്ത്യയുള്‍പ്പെടെ സാങ്കേതിക വിദ്യയ്ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. അത് താങ്ങാനാകാത്ത ചെലവുകളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ഈ അവസരം  മുതലെടുക്കണമെന്ന വാദവും നിലവിലുണ്ട്. കാരണം ഈ അവസരത്തില്‍ ഇന്ത്യയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പോലുള്ളവ ശക്തിപ്പെടുത്തി സേവന-ഉല്‍പ്പാദന മേഖലകളില്‍ സ്വയം പര്യാപ്തത കൈവരിക്കണമെന്ന നിര്‍ദേശമാണുള്ളത്. ഇത് വ്യാപിപ്പിച്ച് വിപണി പിടിച്ചടക്കുന്നതുള്‍പ്പെടെയുള്ള ദീര്‍ഘകാല പദ്ധതികള്‍ ഇന്ത്യ ആവിഷ്‌കരിക്കേണ്ടതുണ്ട്. നിലവിലെ സാമ്പത്തിക പാക്കേജുകള്‍ ലക്ഷ്യം വയ്ക്കുന്നതും അതാണ് എന്ന് വിദഗ്ധര്‍ പറയുന്നു.

Related Articles

© 2024 Financial Views. All Rights Reserved