
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഗോള ക്രൂഡ് വില ഇടിഞ്ഞതിനെത്തുടര്‍ന്ന് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില സെപ്റ്റംബറില്‍ രണ്ടാം തവണയും വെട്ടിക്കുറച്ചു. കോവിഡ് -19 മൂലം ആവിശ്യകത ഇടിഞ്ഞതും വില കുറയ്ക്കാന്‍ കാരണമായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസി) എടിഎഫ് അഥവാ ജെറ്റ് ഇന്ധനത്തിന്റെ വില ഇന്ന് പരിഷ്‌കരിച്ചു. ന്യൂ ഡല്‍ഹിയില്‍ കിലോലിറ്ററിന് 39,492.53 രൂപയാണ്. സെപ്റ്റംബര്‍ 1 ന് കിലോലിറ്ററിന് 42,447.91 രൂപയായിരുന്നു വില.
അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയ്ക്കും ഫോറെക്‌സ് നിരക്കിനും അനുസൃതമായി എടിഎഫ് നിരക്കുകള്‍ ഓരോ മാസവും ഒന്നാം തീയതിയും പതിനാറാം തീയതിയും പരിഷ്‌കരിക്കും. ജൂണില്‍ എടിഎഫ് വില ഉയര്‍ത്തിയിരുന്നു. സെപ്റ്റംബറില്‍ വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും വിലവര്‍ദ്ധനവ് ഉണ്ടായി. ആഗോള എണ്ണ വില ബുധനാഴ്ച രാവിലെ 41.14 ഡോളറിലെത്തിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയുന്നു.
ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 35-40% വരും. ആഭ്യന്തര വിമാനക്കമ്പനികള്‍ അവരുടെ ചിലവ് കുറയ്ക്കാന്‍ പാടുപെടുന്ന ഒരു സമയത്ത്, എടിഎഫ് വിലയിലുണ്ടായ ഇടിവ് വിമാനക്കമ്പനികള്‍ക്ക് ആശ്വാസമാകുന്നതാണ്. എടിഎഫ് വിലയിലുണ്ടായ ഇടിവ് വിമാനക്കമ്പനികള്‍ക്ക് അവരുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് മുതിര്‍ന്ന എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.