എടിഎം ചാര്‍ജ്, മിനിമം ബാലന്‍സ് എന്നിവ ഇന്ന് മുതല്‍ വീണ്ടും പ്രാബല്യത്തില്‍; കോവിഡ് ഇളവുകള്‍ അവസാനിച്ചു

July 01, 2020 |
|
News

                  എടിഎം ചാര്‍ജ്, മിനിമം ബാലന്‍സ് എന്നിവ ഇന്ന് മുതല്‍ വീണ്ടും പ്രാബല്യത്തില്‍; കോവിഡ് ഇളവുകള്‍ അവസാനിച്ചു

എടിഎമ്മുകളിലുടനീളം പിന്‍വലിക്കല്‍ ചാര്‍ജുകള്‍ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെ കോവിഡ് -19 മഹാമാരി കണക്കിലെടുത്ത് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മാര്‍ച്ച് 24 ന് നിരവധി ദുരിതാശ്വാസ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എടിഎം പിന്‍വലിക്കല്‍ നിരക്ക് എഴുതിത്തള്ളല്‍ കാലാവധി  അവസാനിച്ചു. ഇന്ന് മുതല്‍ വീണ്ടും നിരക്കുകള്‍ ബാധകമാണ്. ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് മൂന്ന് മാസത്തേക്ക് സൗജന്യമായിരിക്കുമെന്നാണ് സീതാരാമന്‍ വ്യക്തമാക്കിയിരുന്നത്.

സാധാരണഗതിയില്‍, ബാങ്കുകള്‍ സ്വന്തം എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ മൂന്ന് സൗജന്യ ഇടപാടുകളുമാണ് അനുവദിക്കുന്നത്. ഇതിനപ്പുറം, ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കും. അത് 8 രൂപയ്ക്കും 20 രൂപയ്ക്കും ഇടയിലായിരിക്കും.

ഈ ചാര്‍ജ് ഈടാക്കാനുള്ള കാരണം, നിങ്ങളുടെ കാര്‍ഡ് നല്‍കുന്ന ബാങ്ക് അല്ലാതെ മറ്റ് എടിഎമ്മില്‍ നിങ്ങള്‍ ഇടപാട് നടത്തുമ്പോഴെല്ലാം, എടിഎം പ്രവര്‍ത്തിക്കുന്ന ബാങ്കിനോ കമ്പനിയ്‌ക്കോ ബാങ്ക് ഇന്റര്‍ചേഞ്ച് ഫീസ് നല്‍കണം. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം എടിഎം ഇടപാടുകളില്‍ കുറവ് നേരിടുകയും അത് തുടരുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ ക്രമേണ നീക്കിയിട്ടും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടും എടിഎം ഇടപാടുകള്‍ കോവിഡിന് മുമ്പുള്ള നിലയിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് വിവരം.

ആര്‍ബിഐ പ്രസിദ്ധീകരിക്കുന്ന പ്രതിദിന ഡാറ്റ സൂചിപ്പിക്കുന്നത് എടിഎം ഇടപാടുകള്‍ പ്രീ-കോവിഡ് -19 കാലഘട്ടത്തിലെ ദൈനംദിന അളവുകളേക്കാള്‍ 30 ശതമാനം കുറവാണെന്നാണ്. മാര്‍ച്ചില്‍ സീതാരാമന്‍ നടത്തിയ പ്രധാന പ്രഖ്യാപനം ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് ആവശ്യകത ഫീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ്. മിക്ക ബാങ്കുകളും അക്കൌണ്ട് ഉടമയില്‍ നിന്ന് മിനിമം ബാലന്‍സ് ആവശ്യപ്പെടുന്നുണ്ട്.

ഏറ്റവും കുറഞ്ഞ ബാലന്‍സ് ആവശ്യകത 5,000 രൂപ മുതല്‍ 10,000 രൂപ വരെയാകാം. പ്രീമിയം അക്കൌണ്ടുകള്‍ക്ക് ഇതിലും ഉയര്‍ന്ന ബാലന്‍സാണ് ആവശ്യം. മിനിമം ബാലന്‍സ് ചാര്‍ജ് എഴുതിത്തള്ളുന്നതും മൂന്ന് മാസത്തേക്കായിരുന്നു. അതിനാല്‍, നാളെ മുതല്‍ നിങ്ങളുടെ അക്കൌണ്ട് ബാലന്‍സ് ആവശ്യകതയേക്കാള്‍ താഴുകയാണെങ്കില്‍, നിങ്ങളില്‍ നിന്ന് പിഴ ഈടാക്കും. നിങ്ങള്‍ക്ക് പിഴ ബാധകമാണോയെന്ന് ഉറപ്പാക്കാന്‍ ബാലന്‍സ് പരിശോധിക്കാന്‍ ഓര്‍ക്കുക.

Related Articles

© 2024 Financial Views. All Rights Reserved