തലവേദന ഒഴിയാതെ ധനലക്ഷ്മി ബാങ്ക്; പ്രശ്നങ്ങള്‍ തീരുന്നില്ല

December 04, 2021 |
|
News

                  തലവേദന ഒഴിയാതെ ധനലക്ഷ്മി ബാങ്ക്;  പ്രശ്നങ്ങള്‍ തീരുന്നില്ല

വീണ്ടും ധനലക്ഷ്മി ബാങ്കിലെ തലപ്പത്തെ പ്രശ്നങ്ങള്‍ തീരുന്നില്ല. ബാങ്കിന്റെ പാര്‍ട്ടൈം ചെയര്‍മാനും സ്വതന്ത്ര ഡയറക്റ്ററുമായി ഈ വര്‍ഷം ഫെബ്രുവരിയില്‍ ചുമതലയേറ്റ ജി. സുബ്രഹ്മണ്യ അയ്യരാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്ന് പറയുമ്പോഴും നേതൃനിരയിലെ പുകയുന്ന പ്രശ്നങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് സൂചന.

അടുത്തിടെ പ്രമുഖ വ്യവസായ രവി പിള്ള, കെ എന്‍ മധുസൂദനന്‍, പി. മോഹനന്‍, ഡി എല്‍ പ്രകാശ്, പി കെ വിജയകുമാര്‍ എന്നിവര്‍ക്ക് ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സിലേക്ക് മത്സരിക്കാന്‍ അവസരം നിഷേധിച്ചിരുന്നു. ഇത് മൂലം ഉടലെടുത്ത അസ്വാരസ്യങ്ങളാണ് ഈ രാജിയില്‍ കലാശിച്ചതെന്ന് സൂചനകളുണ്ട്.

കഴിഞ്ഞ വര്‍ഷം ധനലക്ഷ്മി ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്‍മാനും സ്വതന്ത്ര ഡയറക്റ്ററുമായിരുന്ന സജീവ് കൃഷ്ണനും രാജി സമര്‍പ്പിച്ച് കാലാവധി മുമ്പേ സ്ഥാനമൊഴിഞ്ഞിരുന്നു. അതേ തുടര്‍ന്ന് രണ്ട് ഡയറക്റ്റര്‍മാരും സ്ഥാനമൊഴിഞ്ഞു. റിസര്‍വ് ബാങ്ക് നിയമിച്ച മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ സുനില്‍ ഗുര്‍ബക്്സാനിയെ ഓഹരി ഉടമകളുടെ ജനറല്‍ ബോഡിയോഗം വോട്ട് ചെയ്ത് പുറത്താക്കിയതും ബാങ്കില്‍ അസാധാരണ സംഭവവികാസങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ഏറെ കാലമായി ധനലക്ഷ്മി ബാങ്കിന്റെ സാരഥ്യത്തില്‍ രൂക്ഷമായ പ്രശ്നങ്ങളാണ് നിലനില്‍ക്കുന്നത്. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ വലിയ ഇടിവുണ്ടായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ അറ്റലാഭത്തേക്കാള്‍ 74 ശതമാനം ഇടിവാണ് ഉണ്ടായിരുന്നത്.

Related Articles

© 2024 Financial Views. All Rights Reserved