കൊറോണ ആഘാതം: ബാങ്ക് ഓഫ് ഇംഗ്ലണ്ട് 150 ബില്യണ്‍ പൗണ്ടിന്റെ അധിക പണ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു

November 06, 2020 |
|
News

                  കൊറോണ ആഘാതം: ബാങ്ക് ഓഫ് ഇംഗ്ലണ്ട് 150 ബില്യണ്‍ പൗണ്ടിന്റെ അധിക പണ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധിക പണ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. 150 ബില്യണ്‍ പൗണ്ടിന്റെ (പതിനാലര ലക്ഷം കോടി രൂപ) പാക്കേജ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി യുകെയില്‍ കൂടുതല്‍ രൂക്ഷമാകും എന്ന വിലയിരുത്തലില്‍ ആണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ രണ്ടാം ലോക്ക്ഡൗണ്‍ തുടങ്ങിയിരിക്കുകയാണ്. ഇന്ത്യക്കും ഇത് വലിയ മുന്നറിയിപ്പാണ്.

യൂറോപ്പില്‍ കൊവിഡ് രണ്ടാം തരംഗം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആദ്യ കൊവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറും മുമ്പാണ് രണ്ടാം തരംഗം ആഞ്ഞടിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ഇംഗ്ലണ്ട് വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങിയത്. ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധിക പണ ഉത്തേജന പാക്കേജ് ആയി 150 ബില്യണ്‍ പൗണ്ട് കൂടി പ്രഖ്യാപിച്ചത്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇതുവരെ പ്രഖ്യാപിച്ച മൊത്തം ഉത്തേജന പാക്കേജ് 895 ബില്യണ്‍ പൗണ്ടിന്റേതായി. ഏതാണ്ട് 86.6 ലക്ഷം കോടി ഇന്ത്യന്‍ രൂപ.

ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്-0.1 ശതതമാനം. ഇതോടെയാണ് അവര്‍ തങ്ങളുടെ ക്വാണ്ടിറ്റേറ്റീവ് ഈസിങ് സ്റ്റിമുലസ് 195 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ത്തിയത്. ഇതുവഴി റീട്ടെയില്‍ ബാങ്കുകള്‍ വഴിയുള്ള വായ്പകള്‍ കൂട്ടാനും സാമ്പത്തിക വളര്‍ച്ച സാധ്യമാക്കാനും സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ക്വാണ്ടിറ്റേറ്റീവ് ഈസിങ് പദ്ധതിയുടെ ഭാഗമായി കോടിക്കണക്കിന് പൗണ്ട് ആണ് ലഭ്യമാക്കിയിട്ടുള്ളത്. ബ്രിട്ടനിലെ ആദ്യ ലോക്ക്ഡൗണ്‍ മുതല്‍ ഇതുവരെ ക്വാണ്ടിറ്റേറ്റീവ് ഈസിങ് പദ്ധതിയില്‍ റിലീസ് ചെയ്തിട്ടുള്ളത് 450 ബില്യണ്‍ പൗണ്ട് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുങ്ങിയത് നാല് ആഴ്ചത്തേക്കെങ്കിലും ഇംഗ്ലണ്ടിലെ ലോക്ക്ഡൗണ്‍ നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ട്. സമാനമായ നടപടികള്‍ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും സ്വീകരിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല എന്ന ആക്ഷേപം ഏറെ കേട്ടതാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.

ബ്രിട്ടനില്‍ ആദ്യ ലോക്ക്ഡൗണ്‍ മൂന്ന് മാസത്തോളം ആയിരുന്നു നീണ്ടുനിന്നത്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ മാന്ദ്യം ആണ് ഉണ്ടാക്കിയത്. സാമ്പത്തിക നില ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെയാണ് എന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. ഈ വര്‍ഷം സമ്പദ് ഘടന 11 ശതമാനത്തോളം ചുരുങ്ങുമെന്നും അവര്‍ വിലയിരുത്തുന്നു.

Related Articles

© 2024 Financial Views. All Rights Reserved