ബാങ്ക് പണിമുടക്ക്: ഈ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല

December 14, 2021 |
|
News

                  ബാങ്ക് പണിമുടക്ക്: ഈ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല

കൊച്ചി: ബാങ്കുകള്‍ പണി മുടക്കുന്നു. ഡിസംബര്‍ 16, 17 തിയതികളില്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ഈ ദിവസങ്ങളില്‍ കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് യൂണിയനുകള്‍ പണിമുടക്ക് നടത്തുന്നു. 2021 ഡിസംബര്‍ 16 മുതല്‍ 17 വരെയാണ് പണിമുടക്കെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് രാജ്യത്തെ മുന്‍ഗണനാ മേഖലകളുടെ പുരോഗതി തടസ്സപ്പെടുത്തുമെന്നും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും സ്വയം സഹായ സംഘങ്ങളിലുമൊക്കെയുള്ള വായ്പാ വിതരണം കുറയുമെന്നുമാണ് സംഘടനയുടെ വാദം. അതേ സമയം രണ്ട് ദിവസം അടുപ്പിച്ച് ബാങ്കുകള്‍ പ്രവര്‍ത്തിക്കാതെ വരുന്നത് ബാങ്കിങ് പ്രവര്‍ത്തനങ്ങളെ സാരമായി തന്നെ ബാധിച്ചേക്കും.

രണ്ടു പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച ബില്‍ ശീതകാല സമ്മേളനത്തില്‍ പരിഗണനക്ക് വക്കാനിരിക്കെയാണ് ബാങ്കിങ് സംഘടനകളുടെ പണി മുടക്ക്. അതേസമയം അഡീഷണല്‍ ചീഫ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് അനുരഞ്ജന ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് സൂചന. ബാങ്ക് സ്വകാര്യവല്‍ക്കരണം സംബന്ധിച്ച ബില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പരിഗണിക്കില്ലെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിക്കാത്തതിനാല്‍ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് ബാങ്കിങ് സംഘടനകളുടെ തീരുമാനം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രഖ്യാപിച്ചതനുസരിച്ച് ബാങ്ക് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .

അതേസമയം ഇടപാടുകാരുടെയും നിക്ഷേപകരുടെയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ബാങ്ക് പണിമുടക്കില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ രണ്ടു ദിവസത്തെ ബാങ്കിങ് പണിമുടക്ക് വലിയ അസൗകര്യമുണ്ടാക്കുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ നിലപാട്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയ്ക്ക് ഇതേ നിലപാടാണ്. എന്നാല്‍ ബാങ്കിങ് സംഘടനകള്‍ പണിമുടക്കുന്നത് ബാങ്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കും.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ ബാങ്കിങ് യൂണിയനുകള്‍ ഇതിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. . പണിമുടക്ക് നടക്കുന്ന ദിവസങ്ങളില്‍ ബാങ്ക് അതിന്റെ ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടേക്കാം എന്ന് സൂചനയുണ്ട്.

Read more topics: # ബാങ്ക്, # Bank strike,

Related Articles

© 2024 Financial Views. All Rights Reserved