വരാന്‍ പോകുന്ന ബജറ്റ് ഇതുവരെ കാണാത്ത തരത്തിലുള്ള ഒന്ന്!; മനസ്സ് തുറന്ന് നിര്‍മലാ സീതാരാമന്‍

December 19, 2020 |
|
News

                  വരാന്‍ പോകുന്ന ബജറ്റ് ഇതുവരെ കാണാത്ത തരത്തിലുള്ള ഒന്ന്!; മനസ്സ് തുറന്ന് നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയില്‍ വരാന്‍ പോകുന്ന ബജറ്റിനെ കുറിച്ച് മനസ്സ് തുറന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതുവരെ കാണാത്ത തരത്തിലുള്ള ബജറ്റാണ് വരാന്‍ പോകുന്നതെന്ന് അവര്‍ പറയുന്നു. കൊവിഡിനെ തുടര്‍ന്ന് തകര്‍ന്ന സമ്പദ് വ്യവസ്ഥ പുനരുജീവിപ്പിക്കാനും വളര്‍ച്ച ഉണ്ടാക്കാനും വേണ്ട പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം വാണിജ്യ മേഖലയ്ക്കും വ്യാപാരികള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളാണിത്.

ആരോഗ്യ മേഖലയിലെ നിക്ഷേപം, മെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്മെന്റ്, ടെലിമെഡിസിന്‍ മേഖലയിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവ വളരെ പ്രധാനപ്പെട്ടവയായിരിക്കും. ജീവനോപാധികളുടെ വെല്ലുവിളികള്‍ പുതിയൊരു മേഖലയായി കണ്ട് പരിഹരിക്കും. ഇതിലേക്ക് പുതിയ കാര്യങ്ങളും കൊണ്ടുവരും. ഇന്ത്യയുടെ നൂറ് വര്‍ഷ ചരിത്രത്തില്‍ ഇതുപോലൊരു ബജറ്റ് ഉണ്ടാവില്ല. കാരണം കൊവിഡ് പ്രതിസന്ധിക്ക് ശേഷമാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നതെന്നും നിര്‍മല പറഞ്ഞു.

ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. എന്തൊക്കെയാണ് ജനങ്ങളുടെ പ്രശ്നം എന്ന് അറിയണം. ആ പ്രശ്നത്തിന് എന്താണ് കാരണമായതെന്നും എന്നെ അറിയിക്കണം. എങ്കില്‍ മാത്രമേ ബജറ്റില്‍ ആ പ്രതിസന്ധി പരിഹരിക്കാനുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. കൊവിഡ് കാരണം തകര്‍ന്ന മേഖലകള്‍ക്കെല്ലാം സഹായമുണ്ടാവും. വളര്‍ച്ചയെ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. അതിന് പുറമേ ഡിമാന്‍ഡിനും വളര്‍ച്ചയ്ക്കും സാധ്യത ഉണ്ടായ പുതിയ മേഖലയ്ക്കും സഹായങ്ങള്‍ ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. ഇന്ത്യയുടെ വിപണിയുടെ വലിപ്പവും ജനസംഖ്യയും കാരണം ലോകത്തെ മികച്ച സമ്പദ് ഘടനയായി നമുക്ക് മാറാന്‍ കഴിയും. ലോക സമ്പദ് ഘടനയ്ക്ക് തന്നെ നമ്മള്‍ എഞ്ചിനായി മാറും. ഒപ്പം മറ്റ് ചില രാഷ്ട്രങ്ങളും ഉണ്ടാവും. ആഗോള തലത്തില്‍ സമ്പദ് ഘടന കരുത്ത് കാണിക്കാന്‍ ഇന്ത്യയുടെ സഹായം വേണ്ടി വരുമെന്നും ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയ്ക്ക് കൂടുതല്‍ സഹായങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. ആശുപത്രികളും കെട്ടിടങ്ങളും ഉണ്ടാക്കുന്നതില്‍ മാത്രമല്ല, ഇവയ്ക്ക് എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെന്ന് ഉറപ്പിക്കുന്നതിനാണ് പ്രാധാന്യമെന്നും ധനമന്ത്രി വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved