പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ വില ഉയര്‍ത്താന്‍ കേന്ദ്ര തീരുമാനം

November 10, 2021 |
|
News

                  പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ വില ഉയര്‍ത്താന്‍ കേന്ദ്ര തീരുമാനം

പെട്രോളില്‍ കലര്‍ത്താന്‍ കരിമ്പില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എഥനോളിന്റെ വില ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ലിറ്ററിന് 1.47 രൂപയാണ് കേന്ദ്രം വര്‍ധിപ്പിക്കുന്നത്. ഡിസംബര്‍ മുതല്‍ പുതിയ വില നിലവില്‍ വരും. എഥനോള്‍ വിതരണക്കാര്‍ക്ക് വില സ്ഥിരത നല്‍കുക, കരിമ്പ് കര്‍ഷകരുടെ കുടിശ്ശിക കൊടുത്ത് തീര്‍ക്കുക തുടങ്ങിയവയാണ് വില ഉയര്‍ത്തുന്നതിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ അളവ് കൂട്ടി ക്രൂഡ് ഇറക്കുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ കാലങ്ങളായി ശ്രമിക്കുകയാണ്. എഥനോള്‍ കലര്‍ത്തുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കലും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. എഥനോളിന്റെ വില ഉയര്‍ത്തുന്നത് കര്‍ഷകര്‍ക്കും പഞ്ചസാര മില്ലുകള്‍ക്കും ഗുണം ചെയ്യും. വില വര്‍ധന നിലവില്‍ വരുന്നതോടെ കരിമ്പില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എഥനോളിന്റെ വില 63.45 രൂപയാകും.

സി-ഹെവി മൊളാസസില്‍ നിന്നുള്ള എഥനോളിന്റെ വില 45.69 രൂപയില്‍ നിന്ന് 46.66 രൂപയായും ബി-ഹെവിയില്‍ നിന്നുള്ളതിന്റെ വില 57.61 രൂപയില്‍ നിന്ന് 59.08 രൂപയായും വര്‍ധിപ്പിക്കും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കാണ് എണ്ണക്കമ്പനികള്‍ എഥനോള്‍ വാങ്ങുന്നത്. 2020-21 കാലയളവില്‍ പെട്രോളില്‍ ചേര്‍ക്കുന്ന എഥനോളിന്റെ അളവ് 8 ശതമാനമായി ഉയര്‍ന്നിരുന്നു. അടുത്ത വര്‍ഷം അത് 10 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.

Read more topics: # എഥനോള്‍, # ethanol,

Related Articles

© 2024 Financial Views. All Rights Reserved