കോവിഡിന്റെ ആഘാതത്തില്‍ നിന്ന് മികച്ച കുതിപ്പുമായി ചൈന; യുഎസിനൊപ്പം മുന്‍നിരയില്‍

April 17, 2021 |
|
News

                  കോവിഡിന്റെ ആഘാതത്തില്‍ നിന്ന് മികച്ച കുതിപ്പുമായി ചൈന; യുഎസിനൊപ്പം മുന്‍നിരയില്‍

കോവിഡിന്റെ ആഘാതത്തില്‍ നിന്ന് സമ്പദ്ഘടനയില്‍ മികച്ച കുതിപ്പുമായി ചൈന. ഉപഭോക്തൃ ചെലവിടല്‍ ശേഷിയില്‍ മുന്നേറ്റമുണ്ടായതോടെ ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ ചൈനയുടെ വളര്‍ച്ച ദ്രുതഗതിയിലായതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. മൊത്തം ആഭ്യന്തര ഉത്പാദനം ആദ്യപാദത്തില്‍ 18.3 ശതമാനമായി ഉയര്‍ന്നു. വ്യവസായിക ഉത്പാദന വളര്‍ച്ച പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും റീട്ടെയില്‍ വില്പനയിലാണ് മുന്നേറ്റമുണ്ടായത്.

കോവിഡിനുശേഷമുള്ള മുന്നേറ്റത്തില്‍ യുഎസിനൊപ്പം ചൈനയും മുന്‍നിരയില്‍ ചേരുകയാണ്. വാര്‍ഷിക ലക്ഷ്യമായ ആറ് ശതമാനം വളര്‍ച്ചയിലധികം കൈവരിക്കാന്‍ ചൈനയ്ക്കാകുമെന്നാണ് പ്രതീക്ഷ. റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്ര മേഖലകളിലെ നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം വീണ്ടെടുക്കലിന് വേഗംകൂട്ടിയത്. വ്യവസായിക ഉത്പന്നങ്ങളുടെ ആവശ്യകത വര്‍ധിക്കാനതിടയാക്കി. അതേസമയം, ഈ കാലയളവില്‍ ഉപഭോക്തൃമേഖല പിന്നിലായിരുന്നു. എന്നാല്‍ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ചെലവഴിക്കല്‍ ശേഷിയില്‍ വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

വ്യാവസായിക ഉത്പാദനം മാര്‍ച്ചില്‍ 14.1 ശതമാനമായി ഉയര്‍ന്നു. റീട്ടെയില്‍ വില്പന മാര്‍ച്ചില്‍ 34.2 ശതമാനം വര്‍ധിച്ചു. 28 ശതമാനം നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയെ മറികടന്നു. സ്ഥിര ആസ്തി നിക്ഷേപത്തിലെ വര്‍ധന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25.6 ശതമാനം. തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ച് അവസാനം 3.5 ശതമാനം. രണ്ടുവര്‍ഷത്തെ ശരാശരി കണക്കാക്കുമ്പോള്‍ ഈ പാദത്തില്‍ ജിഡിപി 5 ശതമാനം വളര്‍ച്ച കാണിച്ചു.

Related Articles

© 2024 Financial Views. All Rights Reserved