നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്ത് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്; ലാഭം 44 ശതമാനം വര്‍ധിച്ച് 137.52 കോടി രൂപയായി

June 22, 2020 |
|
News

                  നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്ത് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്;  ലാഭം 44 ശതമാനം വര്‍ധിച്ച് 137.52 കോടി രൂപയായി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 2019-20 സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ 44 ശതമാനം കുതിപ്പോടെ 137.52 കോടി രൂപയുടെ ലാഭം നേടി. 95.44 കോടി രൂപയായിരുന്നു മുന്‍ വര്‍ഷം ഇതേ പാദത്തിലെ ലാഭം.

അറ്റ വരുമാനം 851.26 കോടി രൂപയില്‍ നിന്ന് 861.07 കോടി രൂപയായി ഉയര്‍ന്നു. അതേസമയം, മൊത്തം ചെലവ് 692.11 കോടി രൂപയില്‍ നിന്ന് 677.77 കോടി രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം ലാഭം 632 കോടി രൂപയാണ്. 2018-19ല്‍ ലാഭം 477 കോടി രൂപയായിരുന്നു.

ബംഗാളിലെ ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിലെ (എച്ച്സിഎസ്എല്‍) ഓഹരിപങ്കാളിത്തം 100 ശതമാനത്തിലേക്ക് ഉയര്‍ത്തിയെന്നും ബി.എസ്.ഇക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൊച്ചി കപ്പല്‍ശാല വ്യക്തമാക്കി. നേരത്തെ 74 ശതമാനമായിരുന്നു പങ്കാളിത്തം. അധികമായി 26 ശതമാനം ഓഹരികള്‍ കൂടി വാങ്ങിയതോടെ കൊച്ചി കപ്പല്‍ശാലയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപ സ്ഥാപനമായി എച്ച്സിഎസ്എല്‍ മാറി. കൊറോണ വൈറസ് സാഹചര്യത്തില്‍ മാര്‍ച്ച് 23 മുതല്‍ മെയ് 5 വരെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടശേഷം ഏകദേശം പഴയ നിലയിലായിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved