കൊറോണ: ആഗോളവത്കരണ ശേഷമുള്ള ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി! സാമ്പത്തിക വ്യവസ്ഥകള്‍ തകിടം മറിയുമ്പോള്‍ ലോകം ആശങ്കയില്‍

February 27, 2020 |
|
Columns

                  കൊറോണ: ആഗോളവത്കരണ ശേഷമുള്ള ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി! സാമ്പത്തിക വ്യവസ്ഥകള്‍ തകിടം മറിയുമ്പോള്‍ ലോകം ആശങ്കയില്‍

ലണ്ടന്‍: ലോകം ആഗോളവത്കരണത്തിലേക്ക് നീങ്ങിയ ശേഷം നേരിടുന്ന ഏറ്റവും വലിയ ആഗോള പകര്‍ച്ചാവ്യാധിയായ കൊറോണ വൈറസ് സമ്പദ് വ്യവസ്ഥകളെ ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് സാമ്പത്തിക ലോകത്തിന്റെ മുന്നറിയിപ്പ്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ തലത്തിലേക്ക് ഗുരുതരമായ വൈറസ്ബാധ,ഒരു ട്രില്യണ്‍ ഡോളറിന്‍രെ തിരിച്ചടി ലോക ജിഡിപിക്ക് ഏല്‍പ്പിച്ചേക്കുമെന്നാണ് ഓക്‌സ്‌ഫോഡ് ഇക്കണോമിക്‌സ് നിരീക്ഷിക്കുന്നത്. രോഗം മൂലമുണ്ടാവുന്ന തൊഴിലാളികളുടെ അസാന്നിധ്യം,കുറഞ്ഞ ഉല്‍പ്പാദനം,ഗതാഗതം നിലയക്കല്‍,ഉല്‍പ്പന്ന വിതരണ ശ്യംഖലകളുടെ അസ്ഥിരത,വ്യാപാരത്തിലും നിക്ഷേപത്തിലും വരുന്ന കുറവ് എന്നിവയെല്ലാം സാമ്പത്തികമായ തിരിച്ചടിയിലേക്ക് നയിക്കും. ആഗോള വളര്‍ച്ച 2020ല്‍ 2.3% ഇടിയുമെന്നും 2009ന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയായിരിക്കുമെന്നും ഓക്‌സ്‌ഫോര്‍ഡ് പ്രവചിച്ചിട്ടുണ്ട്. ഒന്നാംപാദത്തില്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 3.8%ലേക്ക് കൂപ്പുകുത്തുമെന്നും അവര്‍ വിലയിരുത്തിയിട്ടുണ്ട്. നിലവില്‍ കൊറോണ മൂലമുള്ള ആഗോള മരണസംഖ്യ 3000 ത്തോട് അടുക്കുകയാണ്. എണ്‍പതിനായിരത്തോളം പേരാണ് ഈ അസുഖത്തിന്റെ പിടിയിലുള്ളത്. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ സ്ഥിതിഗതികള്‍ ഇതുവരെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ലോകത്തിന്റെ തന്നെ ഉല്‍പ്പാദക ഹബ്ബായി മാറിയിരുന്ന ചൈനയിലെ നിര്‍മാണ മേഖലകളുടെ സ്ഥിതി ദയനീയമായി തുടരുന്നു. 

ചൈനയില്‍ നിന്ന് ഘടകങ്ങളും ഉല്‍പ്പന്നങ്ങളും വരാതായതോടെ വിവിധ രാജ്യങ്ങളില്‍ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. രോഗബാധ ഏഷ്യയില്‍ മാത്രമായി ഒതുങ്ങിയാല്‍ പോലും ആഗോള നഷ്ടം 0.4 ട്രില്യണ്‍ ഡോളറായി ചുരുങ്ങുമെന്നാണ് ഓക്‌സ്‌ഫോഡ് ഇക്കണോമിക്‌സ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നിലവില്‍ ഇറ്റലിയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വൈറസ് പടരുന്നതായാണ് കാണുന്നത്. ചൈനയിക്ക് പുറത്തുള്ള ഏറ്റവും മാരകമായ രോഗബാധയാണ് ഇറ്റലിയില്‍ ദൃശ്യമായിരിക്കുന്നത്. ദക്ഷിണ കൊറിയയും ഇറാനും ജപ്പാനും കൊറോണ മാരകമായ അവസ്ഥയിലാണ് കടന്നുപോകുന്നത്. ആഗോള പ്രതിസന്ധിയിലേക്കുള്ള സൂചനകളാണിത്. വളരെ മോശമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് യുഎസ് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കി. മീറ്റിങ്ങുകളും മറ്റും ഒഴിവാക്കുന്നത് ഗാരവമേറിയ നടപടികള്‍ സ്വീകരിക്കുന്നതിനും ആളുകള്‍ തയ്യാറാകണമെന്നും നിര്‍ദേശമുണ്ട്. 53 പേരാണ് യുഎസില്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളത്. 

അമേരിക്കന്‍ ഓഹരി വിപണിയിലും നിക്ഷേപകരുടെ ആത്മവിശ്വാസക്കുറവ് ദൃശ്യമാണ്. 2018 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് എസ് ആന്റ് പി 500 സൂചികയില്‍ തിങ്കളാഴ്ച കണ്ടത്. 2020 വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കായ 3.3% ത്തില്‍ നിന്ന് 0.1 % മാത്രമേ വെട്ടിക്കുറയ്‌ക്കേണ്ടി വരികയുള്ളൂവെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നുവെങ്കിലും ആശങ്കകള്‍ അസ്ഥാനത്തല്ല. ഇന്ത്യന്‍ ഓഹരി വിപണിയിലും ഈ പരിഭ്രാന്തി ദൃശ്യമായിട്ടണ്ട്. ബിഎസ്ഇ സെന്‍സെക്‌സ് ചൊവ്വാഴ്ച 392 പോയിന്റാണ് ഇടിഞ്ഞത്. കൊറോണ വൈറസ് സമ്പദ് വ്യവസ്ഥയുടെ താളം തകിിടം മറിക്കുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.

Sabeena T K

Sub Editor Financial View
mail: [email protected]

Related Articles

© 2024 Financial Views. All Rights Reserved