കഴുതപ്പാലില്‍ നിന്ന് കോസ്മറ്റിക്‌സ് പ്രൊഡക്ടുകള്‍; ഗുഡ്‌നൈറ്റ് മോഹനില് നിന്ന് പ്രചോദനം നേടി ഐടി ബിരുദധാരിയുടെ വിജയസംരംഭം

December 10, 2019 |
|
News

                  കഴുതപ്പാലില്‍ നിന്ന് കോസ്മറ്റിക്‌സ് പ്രൊഡക്ടുകള്‍; ഗുഡ്‌നൈറ്റ് മോഹനില് നിന്ന് പ്രചോദനം നേടി ഐടി ബിരുദധാരിയുടെ വിജയസംരംഭം

കഴുത...ലോകോത്തര മണ്ടന്‍മാരെ വിശേഷിപ്പിക്കാന്‍ നമ്മള്‍ വിളിക്കുന്ന പേരാണിത്. ഒരു പാവം മൃഗത്തിന്റെ പേര് ഒന്നിനും കൊള്ളാത്തവന്‍ ,ബുദ്ധിയില്ലാത്ത പരമമണ്ടന്‍ എന്നൊക്കെയുള്ളതിന്റെ ചുരുക്കെഴുത്തായാണ് നമ്മള്‍ പരാമര്‍ശിക്കുന്നത്. ഇത്രത്തോളം അവഹേളിക്കപ്പെടുന്ന ഒരു ജീവി വര്‍ഗം വേറെയുണ്ടോ? എന്നാല്‍ ഈ കഴുത നമ്മള്‍ കരുതുംപോലെ അത്രനിസ്സാരനല്ലെന്നാണ് രാമമംഗലം സ്വദേശിയായ മുന്‍ഐടി ജീവനക്കാരനായ യുവാവിന്റെ അഭിപ്രായം.കഴുത സ്വര്‍ണം കൊണ്ടുതരും എന്നാണ് എബിയുടെ പക്ഷം.

 മുമ്പ് ഒരു ബിജെപി നേതാവ് പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്ന് പ്രസ്താവിച്ചതും അയാളെ കളിയാക്കി ട്രോളുകള്‍ പറന്നതുമൊന്നും ആരും മറന്നിട്ടുണ്ടാവില്ല.. ആ പ്രസ്താവന പോലെ മണ്ടന്‍ പരാമര്‍ശമല്ല എബിയുടേത്. കാരണം ഇന്ത്യാ അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച് പുരസ്‌കാരജേതാവായ അദേഹം തന്നെ   പറയും... 19 വര്‍ഷത്തോളം ഐടി കമ്പനിയിലെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു എബി ബേബി. മത്സരം രൂക്ഷമായ തൊഴില്‍മേഖലയില്‍ നിന്ന് ഒരു സ്വയംസംരംഭകനായി മാറണമെന്ന് എന്നും അദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. യൂനിക്കായ ഒരു സംരംഭം വേണമെന്ന് അദേഹം ആലോചിച്ചു. 

കൃത്യമായ ധാരണയോട് കൂടിതന്നെയാണ് ബാംഗ്ലൂരിലെ ഐടി കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായിരുന്ന എബി 2005-ല്‍ ജോലി രാജിവച്ചുപോരുന്നത്. എന്തുകൊണ്ട് കഴുതഫാം തുടങ്ങിക്കൂടാ എന്നായി എബിയുടെ ചിന്ത. ആരും തുടങ്ങാത്ത എന്നാല്‍ അമൂല്യസാധ്യതകളുള്ള ഒരു ബിസിനസ് സംരംഭമായി ഭാവിയുള്ള ഒന്നായിരിക്കണമെന്ന് അദേഹം ഉറപ്പിച്ചു. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമൊക്കെ ഒത്തിരി സഞ്ചരിച്ചിട്ടുള്ള അദേഹത്തിന്റെ ശ്രദ്ധ കഴുതകളിലേക്ക് തിരിയുകയായിരുന്നു. പശു,എരുമ തുടങ്ങിയ കാലികളുടെ പാലിനേക്കാള്‍ വൈറ്റമിന്‍സും ട്രാന്‍സുമൊക്കെ ധാരാളമുള്ള കഴുതപ്പാലിന് കേരളമൊഴികെ യുള്ള സംസ്ഥാനങ്ങളില്‍ മികച്ച പ്രാധാന്യമാണ് ആളുകള്‍ നല്‍കുന്നത്. ഈ സാധ്യതയും കഴുതപ്പാലില്‍ നിന്നുള്ള

ചര്‍മ്മസംരക്ഷണ,സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കുള്ള ഡിമാന്റും തിരിച്ചറിഞ്ഞ എബി മറ്റൊന്നും ചിന്തിച്ചില്ല. തുടര്‍ന്ന് ദക്ഷിണേന്ത്യയുടെ പലഭാഗങ്ങളില്‍നിന്നായി വാങ്ങിച്ച 30ഓളം കഴുതകളുമായി ഒരു ഫാം തുടങ്ങി. ആദ്യഘട്ടത്തില്‍ പാല്‍വില്‍പനയായിരുന്നു ലക്ഷ്യം. പക്ഷെ, പിന്നീട് നിരന്തരമായ അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം പാല്‍ ഉപയോഗിച്ച് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണം ആരംഭിക്കുകയായിരുന്നു.വളരെ നാച്ചുറലായ കെമിക്കല്‍ കണ്ടന്റുകളില്ലാത്ത പ്രൊഡക്ടുകള്‍ വിപണിയിലെത്തിക്കാന്‍ തന്നെ തീരുമാനിച്ചു. 'ഒരു പാട് അന്വേഷണങ്ങള്‍ നടത്തി. ആരും എന്നെ നയിക്കാനുണ്ടായിരുന്നില്ല. പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു ഞാന്‍ വിജയിക്കുകതന്നെ ചെയ്യുമെന്ന്' വ്യത്യസ്തമായ ഒരു ബിസിന്‌സ് കെട്ടിപ്പടുക്കുന്നതിന്റെ ആദ്യകാല ബുദ്ധിമുട്ടുകള്‍ എബി വിവരിക്കുന്നു.

നീണ്ട പത്ത് വര്‍ഷത്തെ ശ്രമഫലമായി 2016-ലാണ് ആദ്യ കോസ്മറ്റിക്‌സ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. 'Dolphin IBA' എന്ന പേരില്‍ ഫെയര്‍നസ് ക്രീം, ഫേഷ്യല്‍ ക്രീം, ഷാംപൂ, ബോഡി വാഷ് എന്നിങ്ങനെ നിരവധി ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ വിപണിയിലിറക്കുന്നുണ്ട്.'ഇന്ത്യയില്‍തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണ് ഇത്. ചില പാശ്ചാത്യന്‍ രാജ്യങ്ങളില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ഉണ്ടെങ്കിലും കഴുതപ്പാല്‍ സൗന്ദര്യവര്‍ദ്ധക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെകുറിച്ച് ഇവിടെ ആരും ചിന്തിച്ചുതുടങ്ങിയിട്ടില്ല' വിശാലമായ വിപണി മുന്നിലുണ്ടല്ലോ എന്ന ആത്മവിശ്വാസത്തില്‍ എബി പറയുന്നു.

ഇപ്പോള്‍തന്നെ ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ എബിയുടെ ഫെയര്‍നസ് ക്രീമുകള്‍ക്ക് ആവശ്യക്കാരുണ്ട്. സൗന്ദര്യ വര്‍ദ്ധനവിനൊപ്പം തന്നെ തൊലി പുറമെ ഉണ്ടാകുന്ന രോഗങ്ങള്‍ക്കും ഉതകുന്നതാണ് ഈ ക്രീമുകള്‍. വേനല്‍കാലത്ത് ചര്‍മ്മങ്ങളില്‍ ഉണ്ടാകുന്ന കറുത്ത പാടുകള്‍ക്കും ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അലര്‍ജ്ജികള്‍ക്കും ഉത്തമമാണ് ഈ ക്രീമുകളെന്ന് എബി പറയുന്നു. എബി ബേബിയുടെ മേല്‍നോട്ടത്തില്‍ കെമിസ്റ്റുകള്‍ ഉള്‍പെടുന്ന സംഘമാണ് ഈ ക്രീമുകള്‍ ഉല്‍പാദിപ്പിക്കുന്നത്.

ലിറ്ററിന് 5,000 മുതല്‍ 6,000 വരെയാണ് കഴുതപ്പാലിന് ഇന്ത്യന്‍ മാര്‍കറ്റില്‍ വില. 'നല്ല കഴുതയ്ക്ക് എണ്‍പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിലാണ് വില. നിര്‍മാണ ചെലവ് കൂടുതലായതിനാല്‍ കഴുതപ്പാല്‍ പ്രധാന ചേരുവയായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ക്കും വില കൂടും. എങ്കിലും ക്രീമുകള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതിനാല്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് എബി സാക്ഷ്യപ്പെടുത്തുന്നു. അറേബ്യന്‍ രാജ്യങ്ങളില്‍ നിരവധി ഉപഭോക്താക്കളാണ് ഡോള്‍ഫിന് ഐബിയുടെ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നത്. ആമസോണ്‍ വഴിയും നേരിട്ടും വില്‍പ്പന സജീവമാണ്. വരും നാളുകളില്‍ എറണാകുളം പോലുള്ള നഗരങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനും ഈ സംരംഭകന് പദ്ധതിയുണ്ട്. ഇപ്പോള്‍ പത്തോളം തൊഴിലാളികളും ഫ്രാന്‍സ് ബ്രീഡുകള്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത ഇനം ഡോങ്കികളുമുള്ള വലിയൊരു ഫാം തന്നെ എബിയുടേതാണ്. വരുംനാളുകളില്‍ കൂടുതല്‍ നിക്ഷേപം കണ്ടെത്തി ബിസിനസ് വിപുലീകരണമാണ് എബി ബേബി ലക്ഷ്യമിടുന്നത്. കേരളത്തില്‍ മികച്ചൊരു സംരംഭകമാതൃകയാണ് അദേഹം മറ്റുള്ളവര്‍ക്കായി പരിചയപ്പെടുത്തിയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved