ചൈനയില്‍ നിന്ന് വാങ്ങിയ മാസ്‌ക്കുകളും പരിശോധനാ കിറ്റുകളും തിരിച്ചയച്ച് രാജ്യങ്ങള്‍; നിലവാരമില്ലെന്ന് ആക്ഷേപം; കൊറോണയെ അതിജീവിച്ച ചൈനയുടെ വ്യവസായ മേഖല തകർച്ചയിലേക്കോ?

April 09, 2020 |
|
News

                  ചൈനയില്‍ നിന്ന് വാങ്ങിയ മാസ്‌ക്കുകളും പരിശോധനാ കിറ്റുകളും തിരിച്ചയച്ച് രാജ്യങ്ങള്‍; നിലവാരമില്ലെന്ന് ആക്ഷേപം; കൊറോണയെ അതിജീവിച്ച ചൈനയുടെ വ്യവസായ മേഖല തകർച്ചയിലേക്കോ?

ന്യൂഡല്‍ഹി:  കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാനും രോഗം പകരാതിരിക്കാനും അത്യാവശ്യം വേണ്ടവയാണ് മാസ്‌ക്കുകളും സുരക്ഷാ വസ്ത്രങ്ങളും. വിപണി മുന്നില്‍ കണ്ട് വിവിധ രാജ്യങ്ങളിലേക്ക് ചൈന മാസ്‌ക്കുകള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നെത്തിയ മാസ്‌ക്കുകള്‍ നിലവാരം പുലര്‍ത്തുന്നവയല്ലെന്ന് ആരോപിച്ച് പല രാജ്യങ്ങളും അവ തിരിച്ചയ്ക്കുകയാണ്.

20 ലക്ഷത്തോളം സര്‍ജിക്കല്‍ മാസ്‌ക്കുകളും 230,000 റെസ്പിരേറ്ററി മാസ്‌ക്കുകളുമാണ് ചൈനയില്‍നിന്ന് ഫിന്‍ലാന്‍ഡിലേക്ക് എത്തിയത്. ഇവ തങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്നാണ് ഫിന്‍ലാന്‍ഡ് അധികൃതര്‍ പറയുന്നത്. ആശുപത്രികളില്‍ ഇവ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും പകരം റെസിഡന്‍ഷ്യല്‍ മേഖലകളിലും ഗൃഹസന്ദര്‍ശന വേളയിലും മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂവെന്നും ഫിന്‍ലാന്‍ഡ് ആരോഗ്യമന്ത്രി പറയുന്നു.

അഞ്ച് ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 50,000 റെസ്പിരേറ്ററി മാസ്‌ക്കുകളും ദിവസവും ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ ആഭ്യന്തര കമ്പനികള്‍ മുഖേന രണ്ട് ലക്ഷം മാസ്‌ക്കുകള്‍ മാത്രമാണ് നിലവില്‍ ഫിന്‍ലാന്‍ഡില്‍ ഉത്പാദിപ്പിക്കാനാകുക. കഴിഞ്ഞ ആഴ്ചകളില്‍ സ്‌പെയിന്‍, നെതര്‍ലാന്‍ഡ്, തുര്‍ക്കി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ നിലവാരമില്ലെന്ന് കണ്ട് തിരിച്ചയച്ചിരുന്നു. ഇത് വലിയ തിരിച്ചടിയാണ് ആഗോളതലത്തില്‍ ചൈനയ്ക്ക് ഉണ്ടാക്കിയത്. തുടര്‍ന്ന് ഇവ വാങ്ങിയ രാജ്യങ്ങള്‍ ഉത്പന്നങ്ങള്‍ കൃത്യമായി പരിശോധിച്ചിരുന്നില്ലെന്ന് ചൈനീസ് അധികൃതര്‍ വിമര്‍ശിച്ചു.

കാനഡയിലെ ടൊറോന്റോയിലേക്ക് കൊണ്ടുവന്ന 62,600 മാസ്‌ക്കുകളാണ് കാനഡ ബുധനാഴ്ച ചൈനയിലേക്ക് തിരിച്ചയച്ചത്. സ്‌പെയിന്‍ 3,40,000 പരിശോധന കിറ്റുകളാണ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തത്. ഇതില്‍ 60,000 എണ്ണം കോവിഡ്-19 രോഗപരിശോധന കൃത്യമായി നടത്താന്‍ പര്യാപ്തമല്ലെന്നാണ് അവര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സ്‌പെയിന്‍ കിറ്റുകള്‍ വാങ്ങിയ ചൈനീസ് കമ്പനിക്ക് ഇതിനുള്ള ഔദ്യോഗിക ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് സ്‌പെയിനിലെ ചൈനീസ് എംബസി വിശദീകരിക്കുന്നത്. ചൈനയില്‍ നിന്ന് തുര്‍ക്കി വാങ്ങിയ പരിശോധന കിറ്റുകള്‍ക്കും ഇതേഗതിയായിരുന്നു. ആറ് ലക്ഷം മാസ്‌ക്കുകളാണ് നെതര്‍ലാന്‍ഡ് ചൈനയിലേക്ക് തിരിച്ചയച്ചത്. നിലവാരമില്ലെന്നാണ് നെതര്‍ലാന്‍ഡ് ഇതിന് കാരണമായി പറയുന്നത്.

Related Articles

© 2024 Financial Views. All Rights Reserved