ടാറ്റാ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വേതനത്തില്‍ 20 ശതമാനം കുറവ്; വേതനം താഴ്ത്തല്‍ കമ്പനിയുടെ ചരിത്രത്തിലാദ്യം

May 25, 2020 |
|
News

                  ടാറ്റാ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വേതനത്തില്‍ 20 ശതമാനം കുറവ്; വേതനം താഴ്ത്തല്‍ കമ്പനിയുടെ ചരിത്രത്തിലാദ്യം

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ തലപ്പത്തുള്ളവര്‍ 20% പ്രതിഫലം വേണ്ടെന്നു വയ്ക്കുമെന്നു റിപ്പോര്‍ട്ട്. ചരിത്രത്തില്‍ ആദ്യമായാണ് ടാറ്റാ സണ്‍സ് ചെയര്‍മാനും എല്ലാ ഓപ്പറേറ്റിംഗ് കമ്പനികളുടെ സിഇഒമാരും ഇത്തരത്തില്‍ വേതനത്തിന്റെ കാര്യത്തില്‍ പിന്നോക്കം പോകുന്നത്.

കമ്പനികളുടെ കാര്യക്ഷമത താഴാതെ നോക്കുക, ജീവനക്കാരെ പ്രചോദിപ്പിക്കുക,ബിസിനസ്സ് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ടാറ്റാ ഗ്രൂപ്പിലെ ഉന്നതര്‍ പറയുന്നു.ഗ്രൂപ്പിലെ ഏറ്റവും ലാഭക്ഷമതയുള്ള കമ്പനിയായ ടിസിഎസിന്റെ സിഇഒ രാജേഷ് ഗോപിനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യം തന്നെ വേതനം കുറയ്ക്കാന്‍ തയ്യാറായിരുന്നു. രാജേഷ് ഗോപിനാഥന്റെ പ്രതിഫലം 16.5 ശതമാനം താഴ്ത്തി 13.3 കോടി രൂപയാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 16.04 കോടി രൂപയായിരുന്നു.ഈ പാദത്തില്‍ ശമ്പളത്തിന്റെ ഒരു ശതമാനം കുറയ്ക്കാനുള്ള സമ്മതം ടാജ് ഇന്ത്യന്‍ ഹോട്ടല്‍സ് ജീവനക്കാര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു.അതേസമയം, മറ്റ് കമ്പനികളിലെ സാധാരണ ജീവനക്കാരുടെ കാര്യത്തില്‍ ഇത്തരം നടപടികളുണ്ടായിട്ടില്ല.

ടാറ്റാ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍, ട്രെന്റ്, ടാറ്റ ഇന്റര്‍നാഷണല്‍, ടാറ്റ ക്യാപിറ്റല്‍, വോള്‍ട്ടാസ് എന്നിവയുടെ സിഇഒമാരും എം.ഡികളും പ്രതിഫലം കുറയ്ക്കുമെന്ന് എക്സിക്യൂട്ടീവുകള്‍ അറിയിച്ചു.'ലാഭകരമായ ബിസിനസ്സ് ഉറപ്പാക്കാന്‍ ഓരോ കമ്പനിയും വ്യക്തിഗതമായി തീരുമാനമെടുക്കും,' ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍  പറഞ്ഞു.

മികച്ച 15 ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ സിഇഒ പ്രതിഫലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടായത് ശരാശരി 11 ശതമാനം ഉയര്‍ച്ചയാണ്. മുന്‍ വര്‍ഷം 14 ശതമാനം വര്‍ധന ഉണ്ടായിരുന്നു. ടാറ്റാ സണ്‍സിന്റെ ലാഭത്തിലെ 54 കോടി രൂപയുടെ കമ്മീഷന്‍ ഉള്‍പ്പെടെ ചന്ദ്രശേഖരന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65.62 കോടി രൂപ പ്രതിഫലം ലഭിച്ചു. 33 മുന്‍നിര ടാറ്റാ കമ്പനികളുടെ ലാഭം മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍  20% കുറഞ്ഞിരുന്നു.

അതേസമയം, 28828 കോടി രൂപ നഷ്ടമുണ്ടാക്കിയ ടാറ്റ മോട്ടോഴ്‌സ് സിഇഒ ഗുണ്ടര്‍ ബട്‌ഷെക്കിന് 26.29 കോടി രൂപ വാര്‍ഷികാടിസ്ഥാനത്തില്‍ പ്രതിഫലം ലഭിച്ചു. ഗ്രൂപ്പ് സിഇഒമാരില്‍ ഏറ്റവും വലിയ തുക വാങ്ങിയത് അദ്ദേഹമാണ്.മൂന്ന് വര്‍ഷത്തിനിടയില്‍ 16 ശതമാനം വില്‍പ്പന വളര്‍ച്ചയും 88 ശതമാനം ലാഭ വളര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്ത ടാറ്റാ സ്റ്റീല്‍ സിഇഒ ടിവി നരേന്ദ്രന്റെ ശമ്പളം 19 ശതമാനം വര്‍ധിച്ച് 11.23 കോടി രൂപയായി.വളര്‍ച്ചാ ട്രാക്കിലുള്ള രണ്ട് മികച്ച കമ്പനികളായ ടൈറ്റാന്‍, ടാറ്റ എല്‍ക്സി സിഇഒ വേതനം 15 ശതമാനം വീതം ഉയര്‍ത്തി. ട്രെന്റ്, ടാറ്റ കെമിക്കല്‍സ്, റാലിസ് ഇന്ത്യ, ടാറ്റ കോഫി എന്നിവിടങ്ങളിലെ സിഇഒ ശമ്പള പാക്കേജ് ഈ സാമ്പത്തിക വര്‍ഷം 19 ശതമാനം ഉയര്‍ന്നു.

Related Articles

© 2024 Financial Views. All Rights Reserved