ഇന്ധന വില ഇനിയും ഉയരുമെന്ന് പ്രവചിച്ച് ഗോള്‍ഡ്മാന്‍ സാച്ചസ്; സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലോ?

February 23, 2021 |
|
News

                  ഇന്ധന വില ഇനിയും ഉയരുമെന്ന് പ്രവചിച്ച് ഗോള്‍ഡ്മാന്‍ സാച്ചസ്; സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലോ?

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ ഒന്നിന് ഇപ്പോള്‍ വില 63.73 ഡോളര്‍ ആണ്. കൊവിഡ് കാലത്ത് കുത്തനെ ഇടിഞ്ഞ ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ തിരികെ വന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനം സ്വര്‍ണ വിപണിയിലും പ്രകടമാകുന്നുണ്ട്. ഇന്ത്യയില്‍ ആണെങ്കില്‍ പലയിടത്തും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു. ഡീസലിനും കത്തുന്ന വിലയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇനിയും കൂടുമെന്ന വിലയിരുത്തലില്‍ ആണ് നിരീക്ഷകര്‍. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും.

ക്രൂഡ് ഓയിലിന്റേയും പെട്രോളിയും ഉത്പന്നങ്ങളുടേയും വില വര്‍ദ്ധന പ്രതീക്ഷിച്ചതിലും വേഗത്തിലും ഉയരത്തിലും ആകുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ചസ് വിലയിരുത്തുന്നത്. ഇത് ആഗോള വിപണിയിലും പ്രതിഫലിക്കും എന്ന് ഉറപ്പാണ്. ക്രൂഡ് ഓയില്‍ വില, ബാരലിന് 75 രൂപ എന്ന നിലയിലേക്ക് വില വര്‍ദ്ധിക്കുമെന്നാണ് പ്രവചനം. അടുത്ത പാദത്തില്‍ തന്നെ ബാരലിന് പത്ത് ഡോളര്‍ എങ്കിലും വില വര്‍ദ്ധിക്കും എന്നാണ് കരുതുന്നത്. അതിനടുത്ത മാസങ്ങളില്‍ വില ബാരലിന് 75 ഡോളര്‍ എങ്കിലും ആകുമെന്നാണ് പ്രവടനം.

വിപണിയിലെ ആവശ്യങ്ങള്‍ കൂടുന്നതുകൊണ്ട് മാത്രമാവില്ല ഈ വില വര്‍ദ്ധന എന്നാണ് വിലയിരുത്തല്‍. ഉത്പാദനത്തിലുണ്ടാകുന്ന ഇഴച്ചിലും മറ്റ് കാലാവസ്ഥാ പ്രശ്നങ്ങളും എല്ലാം ഇതിന് കാരണമായേക്കും. അതേസമയം, കൊവിഡ് വാക്സിന്‍ വിതരണം ശക്തമായതോടെ ക്രൂഡ് ഓയില്‍ ഡിമാന്‍ഡും കൂടിയിട്ടുണ്ട്.

എണ്ണവില കൊവിഡ് കാലത്തിന് മുമ്പത്തെ നിലയിലേക്ക് തിരികെ എത്തിക്കുന്നതില്‍ സൗദിയുടെ നിലപാടുകളും നിര്‍ണായകമായിട്ടുണ്ട്. ഏകപക്ഷീയമായി ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതാണ് അതില്‍ പ്രധാനപ്പെട്ടത്. അതിനൊപ്പം സ്വാഭാവിക ഡിമാന്‍ഡ് വര്‍ദ്ധനയും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയില്‍ ഈ വര്‍ശം ഇതുവരെ ഉണ്ടായത് 22 ശതമാനത്തിന്റെ വര്‍ദ്ധനയാണ്. ഫെബ്രുവരി 22 തിങ്കളാഴ്ച് ബ്രെന്റ് ക്രൂഡ് ഒരു ബാരലിന് 63.73 ഡോളറിനാണ് വിറ്റത്. വരും ദിനങ്ങളില്‍ ക്രൂഡ് ഓയിലിന്റെ വില വീണ്ടും ഉയരും എന്ന് ഉറപ്പായിക്കഴിഞ്ഞു.

ഇപ്പോഴത്തെ നിലയിലാണ് വിലവര്‍ദ്ധന തുടരുന്നത് എങ്കില്‍ ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നും ഉറപ്പാണ്. നിലവിലെ വിലയില്‍ നിന്ന് 12 ഡോളറിന്റെ വ്യത്യാസമാണ് അസംസ്‌കൃത എണ്ണയില്‍ വരാന്‍ പോകുന്നത്. അത് പെട്രോളിന്റേയും ഡീസലിന്റേയും ഇന്ത്യയിലെ അടിസ്ഥാന വിലയിലും വലിയ മാറ്റമുണ്ടാക്കും. നിലവില്‍ പെട്രോള്‍, ഡീസല്‍ വിലയുടെ വലിയൊരു ഭാഗവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതികളാണ്. തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും വാറ്റ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കും.

Related Articles

© 2024 Financial Views. All Rights Reserved