ധനലക്ഷ്മി ബാങ്കിന്റെ പുതിയ ഡയറക്ടര്‍മാര്‍ ചുമതലയേറ്റു

August 20, 2020 |
|
News

                  ധനലക്ഷ്മി ബാങ്കിന്റെ പുതിയ ഡയറക്ടര്‍മാര്‍ ചുമതലയേറ്റു

ധനലക്ഷ്മി ബാങ്കിന്റെ പുതിയ ഡയറക്ടര്‍മാരായി മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ പികെ വിജയകുമാര്‍, ഫെഡറല്‍ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ ജി. രാജഗോപാലന്‍ നായര്‍ എന്നിവര്‍ നിയമിതരായി. യൂക്കോ ബാങ്ക് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി. സുബ്രഹ്മണ്യ അയ്യര്‍, തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് വിരമിച്ച ഡോ. ആര്‍. സുശീല മേനോന്‍ എന്നിവരെ അഡീഷണല്‍ ഡയറക്ടര്‍മാരായി (സ്വതന്ത്ര വിഭാഗം) ബോര്‍ഡിലേക്ക് കഴിഞ്ഞ മാസം നിയമിച്ചിരുന്നു.

ആദായനികുതി വകുപ്പില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം പി.കെ വിജയകുമാര്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് ആദായനികുതി ഡയറക്ടര്‍ ജനറലായാണ് വിരമിച്ചത്.കേരള, ലക്ഷദ്വീപ്  ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ ആയിരുന്നു. ഫാക്ട്, കൊച്ചി ഷിപ്പ് യാര്‍ഡ്, ആര്‍എന്‍എല്‍-വിശാഖ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വതന്ത്ര ബാഹ്യ നിരീക്ഷകന്‍ എന്ന പദവിയും വഹിച്ചു.

ജി രാജഗോപാലന്‍ നായര്‍ക്ക് രണ്ട് പതിറ്റാണ്ടിലേറെ ബാങ്കിംഗ് പരിചയമുണ്ട്. ഫെഡറല്‍ ബാങ്കില്‍ നിന്ന് ജനറല്‍ മാനേജര്‍-ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയായാണ് വിരമിച്ചത്. ഐടി പ്രോജക്റ്റുകള്‍ക്കും സോഫ്റ്റ്വെയര്‍ നടപ്പാക്കലിനുമായി നിരവധി ബാങ്കുകളുമായും ഫിന്‍ടെക് കമ്പനികളുമായും അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു.

വിവിധ തലങ്ങളില്‍ ബാങ്കിംഗില്‍ 36 വര്‍ഷത്തിലേറെ പരിചയമുള്ള ജി. സുബ്രഹ്മണ്യ അയ്യര്‍ യുക്കോ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായാണ്  വിരമിച്ചത്. ട്രഷറി, ഫിനാന്‍സ്, പ്ലാനിംഗ് & ഡവലപ്മെന്റ്, ക്രെഡിറ്റ്, റിസ്‌ക്, ഐടി, പ്ലാനിംഗ് & ഡവലപ്മെന്റ്, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ്, റിക്കവറി തുടങ്ങിയ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നനായ അദ്ദേഹം കാര്‍ഷിക മേഖലയില്‍ ബിരുദാനന്തര ബിരുദധാരിയാണ്.

രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ സേവനത്തിനു ശേഷം കേരള വര്‍മ്മ കോളേജില്‍ നിന്ന് കൊമേഴ്‌സ് പ്രൊഫസറായി വിരമിച്ച സുശീല മേനോന്‍  കൊമേഴ്‌സ്, മാനേജ്‌മെന്റ് അക്കൗണ്ടിംഗ്, കോസ്റ്റ് അക്കൗണ്ടിംഗ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് വിഷയങ്ങളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.പുതിയ ഡയറക്ടര്‍മാരുടെ നിയമനം ബാങ്കിനെ ശക്തിപ്പെടുത്തുകയും കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

Related Articles

© 2024 Financial Views. All Rights Reserved