ഡിഎച്ച്എഫ്എല്ലില്‍ വീണ്ടും ക്രമക്കേട്; 1,058 കോടി രൂപയുടെ പുതിയ സാമ്പത്തിക തട്ടിപ്പ്

December 14, 2020 |
|
News

                  ഡിഎച്ച്എഫ്എല്ലില്‍ വീണ്ടും ക്രമക്കേട്;  1,058 കോടി രൂപയുടെ പുതിയ സാമ്പത്തിക തട്ടിപ്പ്

സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ഡിഎച്ച്എഫ്എല്‍) വീണ്ടും ക്രമക്കേട്. 1,058.32 കോടി രൂപയുടെ പുതിയ സാമ്പത്തിക തട്ടിപ്പാണ് പ്രമുഖ അക്കൗണ്ടിങ് സ്ഥാപനമായ ഗ്രാന്‍ഡ് തോണ്‍ഡണ്‍ ഡിഎച്ച്എഫ്എല്ലില്‍ കണ്ടെത്തിയത്. കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിച്ചത് കാരണം സംഭവിച്ച 18.47 കോടി രൂപയുടെ പലിശനഷ്ടവും ക്രമക്കേടില്‍ ഉള്‍പ്പെടും. ഗ്രാന്‍ഡ് തോണ്‍ഡണ്‍ കമ്പനിയാണ് ഡിഎച്ച്എഫ്എല്ലിന്റെ ഇടപാടുകള്‍ ഓഡിറ്റ് ചെയ്യുന്നത്.

ഡിംസബര്‍ 12 -ന് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ചിന് മുന്‍പില്‍ ഇടപാടുകളുടെ കണക്കുകളടങ്ങിയ മൂന്നു അപേക്ഷകള്‍ ഡിഎച്ച്എഫ്എല്‍ സമര്‍പ്പിക്കുകയായിരുന്നു. ആദ്യ അപേക്ഷയില്‍ സ്വത്തുക്കള്‍ ഈടാക്കി കമ്പനി അനുവദിച്ച വായ്പയുടെ വിവരങ്ങളുണ്ട്. എല്‍ ഡൊറാഡോ ബയോടെക്ക്, ഫോര്‍ച്യൂണ്‍ ബ്രോക്കിങ് ഇന്റര്‍മീഡിയറി, ഫോര്‍ച്യൂണ്‍ ഗില്‍റ്റ്സ്, ബ്ലാക്ക് റോക്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കാണ് കമ്പനി വായ്പ അനുവദിച്ചത്. 2019 ഏപ്രിലിനും ഓഗസ്റ്റിനും ഇടയില്‍ നടന്ന ഇടപാടുകളില്‍ 592 കോടി രൂപയുടെ ക്രമക്കേട് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിഎച്ച്എഫ്എല്ലിന്റെ അക്കൗണ്ടിലുള്ള അധിക ഫണ്ട് ഉപയോഗിച്ച് സ്വത്ത് വാങ്ങിയതിന്റെ വിവരങ്ങളാണ് രണ്ടാമത്തെ അപേക്ഷയിലുള്ളത്. 330.31 കോടി രൂപ കമ്പനിയുടെ പേരില്‍ വസ്തു വാങ്ങാനായി ഡിഎച്ച്എഫ്എല്‍ ചിലവഴിച്ചു. എന്നാല്‍ പരിശോധനയില്‍ ഈ തുക മുന്‍ ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാരുടെയും പ്രമോട്ടര്‍മാരുടെയും പക്കലാണ് ചെന്നതെന്ന് തോണ്‍ഡണ്‍ കണ്ടെത്തി. 2009-10 മുതല്‍ 2016-17 കാലത്തിനിടയിലാണ് ഈ ഇടപാടുകള്‍ നടന്നത്.

മൂന്നാമത്തെ അപേക്ഷയില്‍ ഷ്രെം ഇന്‍വെസ്റ്റമെന്റസ്, ഷ്രെം കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ ഇന്റര്‍ കോര്‍പ്പറേറ്റ് ഡിപ്പോസിറ്റ് വഴി ഡിഎച്ച്എഫ്എല്‍ നടത്തിയ ഇടപാടുകളുടെ വിവരങ്ങളാണുള്ളത്. 71 കോടി രൂപയുടെ ക്രമക്കേട് ഈ വിഭാഗത്തിലും നടന്നെന്ന് തോണ്‍ഡണ്‍ ഞായറാഴ്ച്ച അറിയിച്ചു. സെപ്തംബറില്‍ ഗ്രാന്‍ഡ് തോണ്‍ഡണ്‍ നടത്തിയ സൂക്ഷ്മപരിശോധനയില്‍ 17,000 കോടി രൂപയില്‍പ്പരമുള്ള സാമ്പത്തിക ക്രമക്കേട് ഡിഎച്ച്എഫ്എല്ലില്‍ കണ്ടെത്തിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved