പണി പൂര്‍ത്തിയാക്കി സമയത്തിന് ഫ്‌ളാറ്റ് കിട്ടിയില്ലേ? വായ്പാതുക പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് എസ്ബിഐ

January 10, 2020 |
|
Banking

                  പണി പൂര്‍ത്തിയാക്കി സമയത്തിന് ഫ്‌ളാറ്റ് കിട്ടിയില്ലേ? വായ്പാതുക പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് എസ്ബിഐ

മുംബൈ: നിശ്ചിത സമയപരിധിയില്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാര്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കിയില്ലെങ്കില്‍ ഇനി മുതല്‍ വിഷമിക്കേണ്ടതില്ല. കാരണം എസ്ബിഐ വായ്പാതുക പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് നല്‍കും. ഈ പദ്ധതി അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ടുകള്‍ക്ക് മാത്രമായിരിക്കും ബാധകമായിരിക്കുക. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയില്‍ ഉയര്‍ന്ന സ്‌കോറുള്ള ഡവലപ്പര്‍മാരുടെ പ്രൊജക്ടുകള്‍ മാത്രമാണ് എസ്ബിഐ ഏറ്റെടുക്കുകയുള്ളൂ. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാനും ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം പകരാനും എസ്ബിഐയുടെ തീരുമാനം സഹായകരമാകും. നിലവിലെ ഭവന വായ്പാ പലിശനിരക്കാണ് ഇതിനും നല്‍കുക.

പുതിയ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിയമപ്രകാരമാണ് എസ്ബിഐ ഈ ഇളവ് കൊണ്ടുവരിക. നിയമപ്രകാരം എല്ലാ ബില്‍ഡര്‍മാര്‍ക്കും രജിസ്ട്രര്‍ ചെയ്യുകയും ഓരോ പ്രൊജക്ടും പൂര്‍ത്തിയാക്കുന്ന സമയവും അറിയിക്കണമെന്നാണ് വ്യവസ്ഥ.ഉപഭോക്താവിന്റെ വായ്പക്ക് ഗ്യാരണ്ടി നല്‍കുന്നുവെന്ന പേരിലാണ് എസ്ബിഐയുടെ പുതിയ പദ്ധതി. അമ്പത് കോടിക്കും നാന്നൂറ് കോടിരൂപയ്ക്കും ഇടയിലുള്ള വായ്പകള്‍ അനുവദിക്കാന്‍ വായ്പാക്ഷമതയുള്ള ഡവലപ്പര്‍മാരാണ് എന്ന സിബിലിന്റെ സാക്ഷ്യമുള്ള ബില്‍ഡേഴ്‌സിന്റെ പ്രൊജക്ടിന് വേണ്ടി മാത്രമേ എസ്ബിഐയുടെ ഉറപ്പ് ലഭിക്കുകയുള്ളൂ. 2.5 കോടി രൂപാവരെ ചെലവ് വരുന്ന ഭവനം വാങ്ങുന്നവര്‍ക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുക. രാജ്യത്തെ ഏഴ് മേഖലയില്‍ നിന്നാണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പിന്നീട് പത്ത് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എസ്ബിഐ അറിയിച്ചു.

 

Related Articles

© 2024 Financial Views. All Rights Reserved